പന്തളം: ശബരിമലയുടെ പവിത്രത നിലനിറുത്തുകയെന്നത് ജനങ്ങളുടെ വികാരമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ശബരിമല ദർശനത്തിനു മുമ്പ് പന്തളം വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ശബരിമലയെപ്പറ്റി തിരഞ്ഞെടുപ്പിൽ മിണ്ടരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ
ഉത്തരവിനെതിരെ വലിയ ജനവികാരമാണ് ഉയർന്നത്. ഇതിനുള്ള തെളിവാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ മുൻ ഉത്തരവിൽ നിന്നുള്ള ചുവടുമാറ്റം. സർക്കാർ ഇതു മനസിലാക്കണം. ശബരിമല വെറും കെട്ടിടമോ ഭരണാധികാരികളുടെ മേച്ചിൽ സ്ഥലമോ അല്ല. അത് പരിപാവനമായ പുണ്യ സങ്കേതമാണ്. അതു നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെ ഉയർന്നത് ജനങ്ങളുടെ ദുഃഖവും അമർഷവുമാണ്. ഈ അവസ്ഥയിൽ അവർക്കു നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു കൊണ്ടുവരാനാണ് താൻ ശബരിമലയിൽ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.