kripesh

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ വീട്ടിലെത്തിയ

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി കൃപേഷിന്റെ പിതാവ് കൃഷ്ണനെ നെഞ്ചോട് ചേർത്ത് പിടിച്ച് ആശ്വസിച്ചപ്പോൾ കണ്ടുനിന്നവരെല്ലാം വിങ്ങിപ്പൊട്ടി. കൃഷ്ണനും അടച്ചുറപ്പില്ലാത്ത ആ കൂരയിൽ കഴിയുന്ന കുടുംബത്തിനും പ്രിയനേതാവിന്റെ സന്ദർശനം വലിയൊരു ആശ്വാസമായി.വീടിനുള്ളിലേക്ക് കൃഷ്ണനെയും ചേർത്ത് പിടിച്ച് കയറിയ രാഹുൽ കട്ടിലിൽ ഏറെ നേരം ഇരുന്നു.കൃഷ്ണനെയും സമീപം പിടിച്ചിരുത്തി.

കൃപേഷിന്റെ അമ്മ ബാലാമണി, സഹോദരിമാരായ കൃപ, കൃഷ്ണപ്രിയ, മറ്റുബന്ധുക്കൾ എന്നിവരുമായും അദ്ദേഹം 15 മിനിട്ടോളം സംസാരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് പെരിയ കേന്ദ്രസർവകലാശാലയിലെ മൈതാനിയിൽ ഹെലികോപ്ടർ ഇറങ്ങിയ രാഹുൽഗാന്ധി കൃപേഷിന്റെ വീട്ടിലെത്തിയത്.തുടർന്ന്ശരത്‌ലാലിന്റെ വീട്ടിലും 15 മിനിട്ടോളം രാഹുൽ ചിലവഴിച്ചു.ശരത്തിന്റെ അച്ഛൻ സത്യനാരായണനും അമ്മയും സഹോദരങ്ങളും ബന്ധുക്കളുമായും രാഹുൽ സംസാരിച്ചു. കൃപേഷിന്റെയും ശരത്തിന്റെയും ചങ്ങാതെമാരെയും ആശ്വസിപ്പിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാലൻ,ഉമ്മൻചാണ്ടി,​കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുകുൾ വാസനിക് എം.പി, ഹൈബി ഈഡൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, കാസർകോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, എ. നീലകണ്ഠൻ, പെരിയ ബാലകൃഷ്ണൻ, സാജിദ് മൗവ്വൽ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

കൊലയാളികളെ പിടികൂടാൻ കോൺഗ്രസ്

ഏതറ്റം വരെയും പോകുമെന്ന് രാഹുൽ

പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിന് ഒരുതരത്തിലുള്ള നീതീകരണവുമില്ല. മുഴുവൻ കൊലയാളികളെയും അറസ്റ്റ് ചെയ്തു കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ സർക്കാരും പൊലീസും തയ്യാറാകണം. അതല്ലെങ്കിൽ കുടുംബത്തിന് നീതി കിട്ടുന്നതിന് കോൺഗ്രസ് ഏതറ്റം വരെയും പോകും.

കൃപേഷിന്റേയും ശരത്തിന്റെയും വീടുകളിലെത്തി ബന്ധുക്കളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരുടെ അടുത്തേക്ക് വന്നാണ് രാഹുൽഗാന്ധി ഇക്കാര്യം പറഞ്ഞത്.കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയാൽ സി.ബി.ഐ അന്വേഷണം നടത്തുമെന്നും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ബന്ധുക്കൾക്കും രാഹുൽഗാന്ധി ഉറപ്പു നൽകി. ഈ കുടുംബങ്ങളെ സംരക്ഷിക്കുമെന്നും രാഹുൽ പറഞ്ഞു.

രാഹുൽഗാന്ധിയുടെ വരവോടെ മക്കളെ നഷ്ടപ്പെട്ട ഞങ്ങളുടെ കുടുംബത്തിന് നീതി കിട്ടുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി കാസർകോട്ട് വന്നിട്ടും ഇങ്ങോട്ടുതിരിഞ്ഞു നോക്കാതെ പോയിടത്താണ് രാഹുൽഗാന്ധി വന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്. ഒരു മാസം അന്വേഷിച്ചിട്ടും ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ല..