കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും നാലു തവണ എം.എൽ.എയുമായിരുന്ന അർജുൻ സിംഗ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയുടെയും ബംഗാളിലെ ബി.ജെ.പി നേതാവ് മുകുൾ റോയ്‌യുടെയും സാന്നിദ്ധ്യത്തിലായിരുന്നു അർജുൻ സിംഗിന്റെ പാർട്ടി പ്രവേശനം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മമതാ ബാനർജി അവസരം നൽകാത്തതിനെ തുടർന്നാണ് കളംമാറ്റം. എന്നാൽ ബലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിൽ മമതാ ബാനർജിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അർജുൻ സിംഗ് പറഞ്ഞു. ബംഗാളിലെ ഭത്പരയിൽ നിന്നുള്ള എം.എൽ.എയാണ് അർജുൻ സിംഗ്. ലോക്‌സഭയിലേക്ക് ബി.ജെ.പി അർജുൻ സിംഗിന് സീറ്റ് നൽകാനാണ് സാദ്ധ്യത. സംസ്ഥാനത്തെ ജനസമ്മതനായ തൃണമൂൽ നേതാവിന്റെ കളംമാറ്റം മമതാബാനർജിക്കും പാർട്ടിക്കും ക്ഷീണമാകും.
''40 വർഷം മമതാ ബാനർജിക്ക് വേണ്ടിയാണ് ഞാൻ ജോലി ചെയ്തത്. എന്നാൽ ബാലക്കോട്ടിലെ വ്യോമാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ വിശ്വാസ്യത അവർ ചോദ്യം ചെയ്തു. അത് എന്നെ നിരാശപ്പെടുത്തി. പാകിസ്ഥാനെതിരെ രാജ്യം ഒരേ സ്വരത്തിൽ സംസാരിക്കുമ്പോൾ അവർ പ്രധാനമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുകയാണ്" ദൗർഭാഗ്യകരമാണ് ഇതെന്നും ബി.ജെ.പിയിൽ ചേർന്നതിൽ സന്തോഷിക്കുന്നുവെന്നും അർജുൻ സിംഗ് പറഞ്ഞു.