തിരുവനന്തപുരം: വിരൽ ഞൊടിച്ചാൽ ഇനിയും ധാരാളം നേതാക്കൾ ബി.ജെ.പിയിലേക്ക് വരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കൂടുതൽ പേർ ഇപ്പോൾ ബി.ജെ.പിയിലേക്ക് വരുന്നുണ്ട്. കെ.പി.സി.സി എക്സിക്യൂട്ടീവിൽപെട്ട മൂന്നുപേർ ഉൾപ്പെടയുള്ളവർ വന്നിട്ടുണ്ട്. ഇനിയും വരും. ആരൊക്കെയാണ് ഇനി വരുന്നതെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കോൺഗ്രസിൽ നിന്ന് ടോം വടക്കൻ ബി.ജെ.പിയിലേക്ക് വരുന്ന കാര്യം ദേശീയ നേതൃത്വം തന്നെ അറിയിച്ചിരുന്നതായും ശ്രീധരൻപിള്ള പറഞ്ഞു. തൃശൂരിൽ ടോം വടക്കൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഇപ്പോൾതന്നെ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമുണ്ട്. ടോം വടക്കൻ വരുന്നതുകൊണ്ടോ വരാതിരുന്നാലോ അതിൽ മാറ്റമുണ്ടാകില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ യാതൊരു തർക്കവുമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി അതിന്റേതായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.