ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇനിമുതൽ ബി.ജെ.പിക്ക് പുതിയ മുദ്രാവാക്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയർത്തിക്കാട്ടി 'മോദി ഹെ തോ മുംകിൻ ഹെ' എന്ന പരസ്യവാചകമാണ് ബി.ജെ.പി ഉയർത്തിക്കാട്ടുന്നത്. മോദിയുണ്ടെങ്കിൽ സാദ്ധ്യമാണ് എന്ന വാചകം ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി ആണ് പുറത്ത് വിട്ടത്.
'പ്രധാനമന്ത്രിയുടെ കഴിവ് ലോകം മുഴുവൻ അംഗീകരിച്ചതാണ്. അദ്ദേഹത്തന്റെ ഭരണകാലയളവിലെ പ്രവർത്തനങ്ങൾ തന്നെയാണ് 2019 ലെ തിരഞ്ഞെടുപ്പിലേക്കുള്ള അജണ്ടയെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. പ്രശ്നങ്ങളിൽ പെട്ടെന്ന് തന്നെ തീരുമാനമെടുക്കാനം ഇതിൽ വ്യക്തത വരുത്താനുള്ള മോദിയുടെ കഴിവിനെ ഇന്ത്യക്കാർ അംഗീകരിച്ചതാണ്. അതുകൊണ്ടാണ് ഈ മുദ്രാവാക്യം ഉപയോക്കുന്നതെന്നും അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി മോദിയുടെ കീഴിൽ രാജ്യത്തെ വിവിധ മേഖലകളിൽ നേട്ടങ്ങളുണ്ടാക്കി. സാമ്പത്തിക മേഖലയിലും വിദ്യഭ്യാസ മേഖലയിലും പ്രതിരോധ മേഖലയിലും ഇന്ത്യ അഭിമാനിക്കാവുന്ന നേട്ടം കെെവരിച്ചു. ഇക്കാലയളവിൽ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയ്ക്ക് നേതൃപരമായ സ്ഥാനം ലഭിച്ചെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.