ബംഗളുരു:കർണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ പുത്രൻ നിഖിൽ ജനതാദൾ - എസ് സ്ഥാനാർത്ഥിയായി മണ്ഡ്യ ലോക്‌സഭാ സീറ്റിൽ മത്സരിക്കും.

പാർട്ടി അദ്ധ്യക്ഷനും മുൻപ്രധാനമന്ത്രിയുമായ എച്ച്. ഡി. ദേവഗൗഡയാണ് ഇന്നലെ പേരക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പാർട്ടി എം. എൽ. എമാരുമായി ആലോചിച്ചാണ് നിഖിലിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് മണ്ഡ്യയിൽ നടന്ന പാർട്ടി റാലിയിൽ അദ്ദേഹം പറഞ്ഞു. അതേസമയം,​ മണ്ഡ്യയിൽ അന്തരിച്ച മുൻ എം. പി അംബരീഷിന്റെ ഭാര്യയും മുൻകാല നടിയുമായ സുമലത മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

ദേവഗൗഡയുടെ മൂത്ത പുത്രനും കുമാരസ്വാമിയുടെ ജ്യേഷ്ഠനുമായ എച്ച്. ഡി. രേവണ്ണ സംസ്ഥാന പൊതു മരാമത്ത് മന്ത്രിയാണ്. അദ്ദേഹത്തിന്റെ പുത്രൻ പ്രജ്ജ്വൽ രേവണ്ണ ഹസൻ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നുണ്ട്. മുൻപ് ദേവഗൗഡയുടെ മണ്ഡലമായിരുന്നു ഹസൻ.

കോൺഗ്രസുമായുണ്ടാക്കിയ ധാരണ പ്രകാരം ജനതാദൾ എട്ട് സീറ്റിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് 20 സീറ്റിലും.