ലണ്ടൻ: പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചെന്ന് ആക്ഷേപിച്ച് യുവതിയെ വിമാനത്തിൽ കയറ്റാൻ എയർലൈൻ ജീവനക്കാർ വിസമ്മതിച്ചു. മാർച്ച് 2ന് യു.കെയിലെ ബിർമിങ്ഹാമിൽനിന്ന് കാനറി ദ്വീപിലേക്കു പോകാൻ 'തോമസ് കുക്ക്" വിമാനത്തിൽ കയറിയ എമിലി ഒ’കോണർ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്.
നേർത്ത സ്ട്രാപ്പുള്ള കറുത്ത ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്സുമായിരുന്നു യുവതിയുടെ വേഷം. ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിൽ വസ്ത്രധാരണം നടത്തിയെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തിൽ കയറാനെത്തിയപ്പോഴാണു ജീവനക്കാർ ഇവരെ തടഞ്ഞത്. വസ്ത്രം മാറ്റിയില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു നിർദ്ദേശം. തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷൻ ഷോർട്സ് ധരിച്ച് വരിയിലുണ്ടായെങ്കിലും അയാളുടെ വസ്ത്രധാരണം ജീവനക്കാർ ചോദ്യം ചെയ്തില്ലെന്നും എമിലി കൂട്ടിച്ചേർത്തു. ജീവിതത്തിൽ ഏറ്റവും സ്ത്രീവിരുദ്ധവും ലജ്ജാകരവുമായ അനുഭവമാണു വിമാനക്കമ്പനി ജീവനക്കാരായ നാലുപേരിൽ നിന്ന് ഉണ്ടായതെന്ന് ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വാക്കുതർക്കം രൂക്ഷമായതിനെത്തുടർന്ന് യുവതിയുടെ ബന്ധു ഒരു ജാക്കറ്റ് നൽകിയതിനെ തുടർന്നാണ് ഇവരെ യാത്രയ്ക്ക് അനുവദിച്ചത്. ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയർലൈൻ അധികൃതർ രംഗത്തെത്തി.