മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ വിപ്രോയുടെ ചെയർമാൻ അസീം പ്രേംജി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 52,750 കോടി രൂപ (750 കോടി ഡോളർ) നീക്കിവയ്‌ക്കുന്നു. കമ്പനിയുടെ ഓഹരി വരുമാനത്തിന്റെ 34 ശതമാനമാണ് അദ്ദേഹം സ്ഥാപിച്ച അസീം പ്രേംജി ഫൗണ്ടേഷന് വേണ്ടി മാറ്രിവയ്‌ക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യപ്പെടുന്ന ഏറ്രവും വലിയ തുകയാണിത്.
ആദ്യമായല്ല, അസീം പ്രേംജി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുക വകയിരുത്തുന്നത്. ഇതുവരെ വിവിധഘട്ടങ്ങളിലായി വിപ്രോയുടെ 67 ശതമാനം (ഏകദേശം 1,46,000 കോടി രൂപ) വിഹിതം അസീം പ്രേംജി ഫൗണ്ടേഷനായി അദ്ദേഹം വകയിരുത്തിയിട്ടുണ്ട്. വിപ്രോ കമ്പനിയുടെ 74.30 ശതമാനം ഓഹരികളും അസീം പ്രേംജിയുടെയും കുടുംബത്തിന്റെയും അധീനതയിലാണ്. വിദ്യാഭ്യാസ മേഖലയിലൂന്നിയാണ് അസീം പ്രേംജി ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തനം. ഇന്ത്യൻ ഗ്രാമങ്ങളിലെ നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഗ്രാന്റ് നൽകുന്നുണ്ട്. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പുതുച്ചേരി, തെലങ്കാന, മദ്ധ്യപ്രദേശ്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാന പ്രവർത്തനം. ബംഗളൂരുവിൽ അസീം പ്രേംജി സർവകലാശാലയും ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്.
₹1.46 ലക്ഷം കോടി
ആദ്യമായല്ല അസീം പ്രേംജി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വൻതുക നീക്കിവയ്‌ക്കുന്നത്. ഇതുവരെ 1.46 ലക്ഷം കോടി രൂപയാണ് അദ്ദേഹം അസീം പ്രേംജി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്.
4%
അസീം പ്രേംജിയുടെ സംഭാവന മാറ്രിവച്ചാൽ, ഇന്ത്യൻ ജീവകാരുണ്യ മേഖലയിൽ ശതകോടീശ്വരന്മാരുടെ സംഭാവന കുറയുകയാണ്. 2014 മുതൽ കഴിഞ്ഞവർഷം വരെ ശതകോടീശ്വരന്മാരുടെ സംഭാവനയിലുണ്ടായ ഇടിവ് നാല് ശതമാനമാണ്.