ചേർത്തല: കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ശ്രമം നടക്കുന്നതിനിടെ കേരള സർവകലാശാല ഗുരുദർശനങ്ങൾ പഠിച്ച് ആധികാരിക രേഖ പുറത്തിറക്കാൻ ശ്രമിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരള സർവകലാശാല അന്താരാഷ്ട്ര ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രം ശ്രീനാരായണ ഗുരുവും കളവംകോടം കണ്ണാടി പ്രതിഷ്ഠയും എന്ന വിഷയത്തിൽ നടത്തുന്ന ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഗുരു സമരസേനാനിയും വിപ്ലവകാരിയുമായിരുന്നു. ഗുരുവിന്റെ ഉൾക്കാഴ്ച രാജ്യത്ത് ഒരുപാട് മാ​റ്റങ്ങളാണ് വരുത്തിയത്. ചാതുർവർണ്യം തിരിച്ചുകൊണ്ടുവരാനാണ് ചിലരുടെ ശ്രമം. ഇത് തിരിച്ചറിയണം. വർത്തമാന കാലത്തിൽ ജാതി വിവേചനത്തിനെതിരെയാണ് നാം പ്രവർത്തിക്കേണ്ടത്. ഗുരുവചനങ്ങൾ ചിലർ സ്വന്തം നിലയ്ക്ക് വ്യാഖ്യാനിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗുരുവിന്റെ പ്രഭാഷണങ്ങൾ ഭാവി തലമുറയ്ക്കായി കരുതി വയ്‌ക്കേണ്ടത് നമ്മുടെ കടമയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.ടി. മഹാദേവൻ പിള്ള പറഞ്ഞു. വയലാർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു അദ്ധ്യക്ഷത വഹിച്ചു. പഠന കേന്ദ്രം ഡയറക്ടർ ഡോ.ജി.പത്മറാവു, സർവകലാശാല സിൻഡിക്കേ​റ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാൻ,ഡോ.കെ.ബി. മനോജ്,ജനറൽ കൺവീനർ അഡ്വ.സി.കെ.ഷാജിമോഹൻ, കെ.വി.ദേവദാസ്, ഡോ.എം.എ.സിദ്ദിഖ്, ഡോ.പി.പി. അജയകുമാർ,ഡോ.എസ്.ജയപ്രകാശ്, ഡോ.പി.ജിനുമോൻ, അനി കൂരിക്കാട്ട് എന്നിവർ സംസാരിച്ചു.

വിമർശിച്ച കോൺഗ്രസ് നേതാക്കൾ കുഴിയാനകളായി

തന്നെ വിമർശിച്ച കോൺഗ്രസ് നേതാക്കൾ കുഴിയാനകളായി മാറിയെന്ന് മാദ്ധ്യമ പ്രവർത്തകരോട്

വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 'എന്നെ ചീത്ത പറഞ്ഞാൽ മറ്റെല്ലാ സമുദായങ്ങളുടെയും വോട്ട് ലഭിക്കുമെന്ന രാഷ്ട്രീയ അടവുനയമാണ് ചിലർ കാലങ്ങളായി കൈകാര്യം ചെയ്യുന്നത്. ഇത് പഴഞ്ചൻ നയമാണ്. ജനങ്ങൾക്ക് കാര്യങ്ങൾ നന്നായി അറിയാം. ചീത്തവിളിക്കാനായി രാത്രി എട്ടരക്കയ്ക്കുള്ള ചാനൽ ചർച്ചയിൽ സ്ഥിരമായി ചിലർ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. സാമൂഹിക യാഥാർത്ഥ്യങ്ങൾ പച്ചയ്ക്ക് പറയുമ്പോൾ ആരും കോപിച്ചിട്ട് കാര്യമില്ല. കഴിഞ്ഞ 22 വർഷമായി എന്നെ പിന്തുടർന്ന് വേട്ടയാടൽ നടത്തുന്ന ഇവർക്ക് ഉള്ളതു പോയതല്ലാതെ എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. രാഷ്ട്രീയത്തിൽ എല്ലാം നഷ്ടപ്പെട്ട് വഴിയാധാരമായ ചരിത്രമാണ് ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾക്കുള്ളത്. ഇത് കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത ജില്ലയിലെ രാഷ്ട്രീയ നേതൃത്വത്തെ സംസ്ഥാന നേതൃത്വം കയറൂരി വിട്ടിരിക്കുകയാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി ഞാൻ ഇപ്പോഴും തുടരുന്നു. വീട്ടിൽ കിടന്ന് ഉറങ്ങിയാലും വിവാദം പിന്തുടരുകയാണ്'- വെള്ളാപ്പള്ളി പറഞ്ഞു.