തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ ടോം വടക്കൻ ബി.ജെ.പിയിലേക്ക് ചേർന്നതിനെ ട്രോളി വെെദ്യുത മന്ത്രി എം.എം മണി. കോൺഗ്രസിലെ കുടുംബാധിപത്യത്തിലും പുൽവാമ ആക്രമണത്തിലെ നിലപാടിലും പ്രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്നാണ് ടോം വടക്കന്റെ വാദം. ഇന്ന് ഉച്ചയോടെയാണ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നത്.
ടോം വടക്കൻ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസ് വിട്ടത് നേതൃത്വത്തിന് വൻ തിരിച്ചടിയാണ്. എന്നാൽ പാർട്ടിയ്‌ക്ക് വേണ്ടി ഒരുതരത്തിലുള്ള ഉപയോഗവും ചെയ്യാതിരുന്ന വടക്കൻ പോയത് തന്നെയാണ് നല്ലതെന്നാണ് കോൺഗ്രസുകാരുടെ പക്ഷം. സോഷ്യൽ മീഡിയിയിൽ കോൺഗ്രസിനെതിരെ ട്രോളുകൾ നിറയുമ്പോൾ അതിൽ നിന്നും വ്യത്യസ്തമാകുകയാണ് വെെദ്യുതി വകുപ്പ് മന്ത്രിയുടെ ട്രോൾ. അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം. എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :...
കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും "വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് "