കോഴിക്കോട്: എസ്.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി മുസ്ലീം ലീഗ് രഹസ്യചർച്ച നടത്തിയതായി റിപ്പോർട്ട്. ലീഗ് നേതാക്കളും മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ പാർട്ടി സ്ഥാനാർത്ഥികളുമായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് പോപ്പുലർ ഫ്രണ്ട് - എസ്.ഡി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ നസറൂദ്ദീൻ എളമരം, എസ്‍.ഡി.പി.ഐ സംസ്ഥാന അദ്ധ്യക്ഷൻ അബ്ദുൾ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചർച്ച. കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിൽ വച്ച് ഇന്നലെ രാത്രിയോടെയാണ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തിയത്.
എന്നാൽ പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പ്രതികരിച്ചു. കെ.ടി.ഡി.സി ഹോട്ടലിൽവച്ച് യാദൃശ്ചികമായി പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടുമുട്ടുക മാത്രമായിരുന്നു സംഭവിച്ചതെന്നും ബഷീർ പറഞ്ഞു. എസ്.ഡി.പി.ഐയുമായി ചർച്ച ചെയ്യേണ്ട കാര്യം ലീഗിനില്ലെന്നും ബഷീർ വ്യക്തമാക്കി.