tom-vadakkan

ന്യൂഡൽഹി: ബി.ജെപിയിൽ ചേർന്ന കോൺഗ്രസ് വക്താവും മലയാളിയുമായ ടോം വടക്കൻ ഒരുകാലത്ത് സോണിയാ ഗാന്ധിയുടെ വിശ്വസ്‌ത സംഘത്തിന്റെ ഭാഗമായിരുന്നു. സോണിയ പാർട്ടി അദ്ധ്യക്ഷയായ ശേഷം ടോം വടക്കനെ മാദ്ധ്യമ സെല്ലിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാക്കി. രണ്ടാം യു.പി.എ സർക്കാരിന്റെ അവസാന കാലം വരെ കോൺഗ്രസിന്റെ വക്താവായി ദേശീയ മാദ്ധ്യമങ്ങളിൽ തിളങ്ങിയ ടോം വടക്കൻ രാഹുൽ ഗാന്ധിയുടെ സ്വന്തക്കാർ പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഒതുക്കപ്പെട്ടു.

2009ൽ തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് ടോം വടക്കനെ ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും ജില്ലാ നേതൃത്വത്തിന്റെ എതിർപ്പിൽ അവസരം നഷ്‌ടമായി. ഇത്തവണയും സാദ്ധ്യതയില്ലെന്ന തിരിച്ചറിവിലാണ് ബി.ജെ.പിയിലേക്ക് ചാടിയത്. ബി.ജെ.പി എം.പി രാകേഷ് സിൻഹയാണ് മുൻകൈയെടുത്തതെന്ന് അറിയുന്നു. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇന്നലെ ടോം വടക്കൻ തീരുമാനം പ്രഖ്യാപിച്ചത്. കോൺഗ്രസിലെ പല രഹസ്യങ്ങളും അറിയുന്ന ആൾ എന്ന നിലയിലും ക്രൈസ്‌തവ പ്രതിനിധി എന്ന നിലയിലും ടോം വടക്കനെ തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ടാകും. സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടോം വടക്കനെ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് കേരള നേതൃത്വം പറഞ്ഞിട്ടുണ്ട്. തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി തുടങ്ങിയ ഏതെങ്കിലും മണ്ഡലത്തിൽ ടിക്കറ്റ് നൽകാനുമിടയുണ്ട്.