exam

പേരാമ്പ്ര: എസ്.എസ്.എൽ.സി ഉത്തരക്കടലാസിന്റെ കെട്ട് റോഡരികിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ ഓഫീസ് അസിസ്റ്റന്റിനെ സസ്‌പെൻഡ്‌ ചെയ്തു. കായണ്ണ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്‌പെൻഡ്‌ ചെയ്തത്. ഹെഡ്മിസ്ട്രസ് പുഷ്പലതയെയും ഡ്യൂട്ടി ചാർജ് സജിജോസഫിനെയും പരീക്ഷാ ചുമതലകളിൽനിന്ന് മാറ്റി നിറുത്തി. ഉപ വിദ്യാഭ്യാസ ഡയറക്ടറാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ കെട്ടാണ് കായണ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നു ഒരു കിലോമീറ്റർ അകലെ കുറ്റിവയലിൽ നിന്നു നാട്ടുകാരന് ലഭിച്ചത്. 55 കുട്ടികൾ ഇവിടെ പരീക്ഷ എഴുതിയിരുന്നു. 3.30ന് കഴിഞ്ഞ പരീക്ഷയുടെ ഉത്തര പേപ്പറുകളാണ് പോസ്റ്റ് ചെയ്യാനായി ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട്ടേക്ക് ബൈക്കിൽ കൊണ്ടുപോകും വഴി നഷ്ടമായത്. വഴിയിൽ വീണുകിടന്ന ഉത്തരക്കടലാസ് കിട്ടിയ നാട്ടുകാരൻ
വിവരമറിയിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ സ്ഥലത്തെത്തി ഉത്തരക്കടലാസുകൾ ഏറ്റുവാങ്ങി. ഇതിനിടെ കോഴിക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ സ്‌കൂളിലെത്തി പരിശോധന നടത്തി. സിബിയെ പരീക്ഷാ ജോലികളിൽ നിന്ന് കഴിഞ്ഞ ദിവസം തന്നെ മാറ്റി നിറുത്തിയിരുന്നു. പൊലീസ് കാവലിൽ സ്‌കൂളിൽ സൂക്ഷിച്ച ഉത്തരക്കടലാസുകൾ ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്ക് പോസ്റ്റ് ചെയ്തു .