ഷാർജ: ഷാർജ അൽ ഫലാ ഹെെപ്പർ മാർക്കറ്റിൽ ഉണ്ടായ കവർച്ചാ ശ്രമത്തെ തടഞ്ഞ ജീവനക്കാർക്ക് എം.എ യൂസഫലിയുടെ സമ്മാനം. ജീവൻ പണയംവച്ച് കവർച്ചാ സംഘത്തെ തടഞ്ഞ കണ്ണൂർ സ്വദേശി മുക്താർ സെമൻ, ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷാ മുഹമ്മദ് എന്നിവർക്കാണ് പാരിതോഷികവും സ്ഥാനക്കയറ്റവും നൽകിയത്.
കവർച്ചാ സംഘത്തെ സധെെര്യം നേരിട്ട ജീനക്കാർക്ക് അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ യൂസഫലി 5000 ദിർഹവും മൊമന്റോയും കീർത്തിപത്രവും സമർപ്പിച്ചു. ഇതേപൊലെ എല്ലാ ജീവനക്കാരും ജാഗരൂകരായിരിക്കണമെന്നും യൂസഫലി ചടങ്ങിൽ പറഞ്ഞു. കൃത്യ സമയത്ത് എത്തി പ്രതികളെ പിടികൂടിയ പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുഖം മൂടി ധരിച്ചത്തിയവരാണ് മോഷണ ശ്രമം നടത്തിയത്. ആയുധവുമായി എത്തിയ ഇവർ ജീവനക്കാരെ ആക്രമിച്ച് പണം കൊള്ളയടിക്കാനാണ് ശ്രമം നടത്തിയത്. എന്നാൽ ആയുധമുപയോഗിച്ച് കൗണ്ടർ തകർക്കാനുള്ള ശ്രമം ജീവനക്കാരൻ തടയുകയായിരുന്നു. ഇതോടെ രണ്ടാമത്തെ ആക്രമിയും ആയുധങ്ങളുമായി പ്രവേശിച്ചു.
തുടർന്ന് മറ്റുള്ള ജീവനക്കാരും എത്തി ഇവരെ തടഞ്ഞു. സംഘർഷാവസ്ഥ മിനുട്ടുകളോളം നീണ്ടുനിന്നു. കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ഒരു ജീവനക്കാരന് സാരമായി പരിക്കേറ്റു. മോഷണ ശ്രമം ഉപേക്ഷിച്ച് കവർച്ചക്കാർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹെെപ്പർ മാർക്കറ്റിന് പുറത്തെത്തും മുമ്പേ കൃത്യ സമയത്ത് പൊലീസ് സ്ഥലത്തെത്തി അക്രമികളെ അറസ്റ്റു ചെയ്യുകയായിരുന്നു.