atm-

ബെയ്ജിംഗ് : എ.ടി.എമ്മിലെത്തിയ യുവതിയിൽ നിന്ന് പണം കൊള്ളയടിക്കാനെത്തിയ മോഷ്ടാവ് യുവതിക്ക് പണം തിരികെ നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുവതിയെ ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ചൈനയിലെ ഹെയ്വാൻ നഗരത്തിലാണ് സംഭവം.

ഹെയ്വാനിലെ ഐ.സി.ബി.സി ബാങ്കിലെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു ലി എന്ന യുവതി. പെട്ടെന്ന് കത്തിയുമായി ഒരാൾ എ.ടി.എം കൗണ്ടറിനുള്ളിൽ അതിക്രമിച്ച് കയറുകയും യുവതിയോട് പണം ആവശ്യപ്പെടുകയും ചെയ്തു. ലി കയ്യിലുണ്ടായിരുന്ന 2500 യുവാൻ മോഷ്ടാവിന് നൽകി. ഇതിനെതുടർന്ന് കൂടുതൽ പണം കവരുക എന്ന ഉദ്ദേശ്യത്തോടെ ലീയോട് ബാങ്ക് ബാലൻസ് കാണിക്കാൻ മോഷ്ടാവ് ആവശ്യപ്പെട്ടു. എന്നാൽ ബാങ്ക് ബാലൻസ് കണ്ടതും ലീയ്ക്ക് പണം അയാൾ തിരിച്ച് നൽകുകയായിരുന്നു.

സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളാണ് ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഷ്ടാവിന് പ്രശംസിച്ച് നിരവധിയാളുകളാണ് എത്തിയത്. സംഭവത്തിന് ശേഷം മോഷ്‍ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.