ishq

ചുണ്ടിൽ എരിയുന്ന സിഗരറ്റ്,​ കുറ്റിത്താടി,​ ഗൗരവം വിടാത്ത മുഖം... നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'ഇഷ്ക്"ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്രറിലാണ് യുവാക്കളുടെ ഹരമായ ഷെയ്ൻ നിഗം കലിപ്പ് ലുക്കിൽ എത്തിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഇഷ്കിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകഹൃദയം കൈയടക്കിയ ഷെയ്‌ൻ പ്രണയ നായകനാകുന്ന ചിത്രം പറയുന്നതും ഒരു വ്യത്യസ്ത പ്രണയകഥയാണ്.

'നോട്ട് എ ലവ് സ്റ്റോറി' എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തെ 'വിട്ടുവീഴ്ചകളില്ലാത്ത പ്രണയകഥ" എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. എസ്‌റ ഫെയിം ആൻ ശീതൾ നായികയാവുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഷാൻ റഹ്‌മാനാണ് സംഗീതം.

ഓള്, വലിയ പെരുന്നാൾ, തുടങ്ങിയ ചിത്രങ്ങളാണ് ഇനി ഷെയ്ൻ നിഗത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

ഷെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രം 'കുമ്പളങ്ങി നൈറ്റ്സും' തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. ഇഷ്‌കിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തേ പുറത്തിറക്കിയിരുന്നു.