പെരിയ: മുഖ്യമന്ത്രി പിണറായി വിജയൻ വരാത്തിടത്താണ് രാഹുൽ ഗാന്ധി വന്നതെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണൻ. തൊട്ടടുത്തുവരെ വന്നിട്ട് മുഖ്യമന്ത്രി വീട്ടിലേക്ക് വന്നില്ല. പാർട്ടി തെറ്റുചെയ്തുവെന്ന ബോദ്ധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തതെന്നും കൃഷ്ണൻ പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷൻ ആദ്യം കൃപേഷിന്റെ വീട്ടിലാണ് എത്തിയത്. ഓലമേഞ്ഞ ഒറ്റമുറിക്കൂരയ്ക്കുള്ളിൽ അച്ഛനേയും, അമ്മയേയും, സഹോദരിമാരേയും രാഹുൽ ആശ്വസിപ്പിച്ചു. വിങ്ങിപ്പൊട്ടിയ കൃഷണനെ സാന്ത്വനിപ്പിച്ചു. ശരത് ലാലിന്റെ വീട്ടിലെത്തിയ രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് അച്ഛനും സഹോദരിക്കും രാഹുൽ ഗാന്ധി ഉറപ്പ് നൽകി.
സുരക്ഷ കാരണങ്ങളെത്തുടർന്ന് ഇരുവരുടേയും ശവകുടീരത്തിന് സമീപം രാഹുൽ ഇറങ്ങിയില്ല. എന്നും കോൺഗ്രസ് പ്രസ്ഥാനം ഒപ്പമുണ്ടാകുമെന്ന ഉറപ്പ് കുടുംബങ്ങൾക്ക് നൽകിയാണ് രാഹുൽ മടങ്ങിയത്. മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ ബന്ധുക്കളുമായി കണ്ണൂർ വിമാനത്തവളത്തിൽ കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് രാഹുൽ കാസർകോട്ട് എത്തിയത്.