vt-balram

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ ടോം വടക്കൻ ബി.ജെ.പിയിലേക്ക് ചേർന്നതിനെ ട്രോളിയ വെെദ്യുതി മന്ത്രി എം.എം മണിക്ക് മറുപടിയുമായി കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. 'അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും' വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്' എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. മണിയുടെ ട്രോൾ വെെറലായതോടെ സഖാക്കളും അത് ഏറ്റുപിടിച്ചു.

എന്നാൽ ഇതിനെതിരെ അതേ നാണയത്തിൽ മറുപടിയുമായി ബൽറാം രംഗത്തെത്തി. 'അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്'. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നതിനെ ബൽറാം വിമർശിച്ചിരുന്നു. വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ് ബൽറാം വ്യക്തമാക്കിയിരുന്നു. പാർട്ടിയ്‌ക്ക് വേണ്ടി ഒരുതരത്തിലുള്ള ഉപയോഗവും ചെയ്യാതിരുന്ന വടക്കൻ പോയത് തന്നെയാണ് നല്ലതെന്നാണ് മിക്ക കോൺഗ്രസുകാരുടെ പക്ഷം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.

അതുകൊണ്ട് അന്തം കമ്മികൾ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണും.

അഭിമാനമാണ് കോൺഗ്രസ്
അധികാരത്തിൽ വരണം കോൺഗ്രസ്