തിരുവനന്തപുരം: തീ പാറുന്ന ആവേശത്തിൽ നാടെങ്ങും തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ മലയാളത്തിന്റെ പ്രിയഗാനരചയിതാക്കൾക്കും തിരക്കോട് തിരക്കാണ്. സിനിമാ ഗാനങ്ങളെ വെല്ലുന്ന പാട്ടെഴുതാൻ മുൻനിര പാട്ടെഴുത്തുകാരെയാണ് സ്ഥാനാർത്ഥികൾ സമീപിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ, അനിൽ പനച്ചൂരാൻ, രാജീവ് ആലുങ്കൽ എന്നിവരെല്ലാം ഗാനങ്ങൾ എഴുതിത്തുടങ്ങി.
ആലപ്പുഴ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എ.എം. ആരിഫിന് വേണ്ടിയുള്ള ഗാനരചന ശരത്ചന്ദ്രവർമ്മ തുടങ്ങി. 'ആരിഫ് നമ്മുടെ ചങ്കല്ലെ, പാട്ടെഴുതാതിരിക്കാൻ കഴിയില്ല. കൊല്ലത്തെ സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ, ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ്, സുനീർ തുടങ്ങിയവർക്കു വേണ്ടിയും എഴുതേണ്ടിവരും. ഏറ്റവും പ്രിയപ്പെട്ടവർക്ക് വേണ്ടി പാട്ടുകളെഴുതുമ്പോൾ പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാറുമില്ല.
വ്യത്യസ്തനായി ആലുങ്കൽ
കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ഥാനാർത്ഥികൾക്ക് വേണ്ടി ഗാനരചന നടത്താറുള്ള രാജീവ് ആലുങ്കലിന് സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായെങ്കിലേ കാര്യങ്ങൾക്ക് ഒരു വ്യക്തത വരൂ. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ രീതിയാണ് ആലുങ്കലിന്. പാട്ട് ആവശ്യപ്പെടുന്നവർക്ക് രചനയും സംഗീതവും റെക്കാഡിംഗുമടക്കമുള്ള എല്ലാ ജോലികളും തീർത്ത് നൽകും.
ഇടതുപക്ഷത്തെ കൈവിട്ട് പനച്ചൂരാൻ
'ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം, ചേതനയിൽ നൂറുനൂറു പൂക്കളായ് പൊലിക്കവെ"... ഈ ഗാനത്തിലൂടെ പ്രശസ്തനായ അനിൽ പനച്ചൂരാൻ, ഇത്തവണ ഇടതുപക്ഷത്തിന് വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണ ഗാനങ്ങൾ എഴുതില്ലെന്ന നിലപാടിലാണ്.
വ്യക്തിപരമായ ചില കാഴ്ചപ്പാടുകളുടെ ഭാഗമാണ് ആ തീരുമാനം. തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് വേണ്ടി ഗാനങ്ങൾ എഴുതാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രന് വേണ്ടിയും എഴുതും. കൊടിക്കുന്നിൽ സുരേഷുമായും അടുത്ത വ്യക്തിബന്ധമുണ്ട്. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിച്ചിരുന്നെങ്കിൽ നിശ്ചയമായും പാട്ടെഴുതിയേനെയെന്നും പനച്ചൂരാൻ പറയുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാൻ പാട്ടെഴുതിയ സ്ഥാനാർത്ഥികളിൽ ഡീൻ കുര്യാക്കോസ് മാത്രമാണ് പരാജയപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി സുഭാഷ് വാസുവിന് വേണ്ടി പാട്ടെഴുതിയിരുന്നു.
-അനിൽ പനച്ചൂരാൻ
അടിസ്ഥാനപരമായി ഞാൻ ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. പക്ഷേ പാട്ടെഴുത്ത് തൊഴിലായതിനാൽ ആര് സമീപിച്ചാലും പറ്റില്ലെന്ന് പറയാൻ പറ്റില്ല. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ ചുമ്മാ തെറിച്ചുപോട്ടെ, ഒരു പെഗ്ഗ് റമ്മടിച്ചാൽ ഈശ്വരൻ പിണങ്ങുമെങ്കിൽ ചുമ്മാ പിണങ്ങിക്കോട്ടെഎന്ന് എന്റെ അച്ഛൻ വയലാർ രാമവർമ്മ എഴുതിയിട്ടുണ്ട്. അതേ വയലാർ തന്നെയാണ് 'ശബരിമലയിൽ തങ്കസൂര്യോദയം" എഴുതിയതും.
-വയലാർ ശരത്ചന്ദ്രവർമ