കോഴിക്കോട്: എസ്.ഡി.പി.ഐ നേതാക്കളുമായി മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചർച്ചയ്ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. സ്ഥാനാർത്ഥികളെ നിർത്തി വോട്ട് മറിക്കാനാണ് മുസ്ലീം ലീഗും എസ്.ഡി.പി.ഐ ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. അവരുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കുമ്പോൾ ചർച്ച നടന്നെന്നാണ് എസ്.ഡി.പി.ഐ നേതൃത്വം അറിയിച്ചത്.
എസ്.ഡി.പി.ഐ- മുസ്ലീം ലീഗ് ചർച്ചയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് നേതാക്കളും യു.ഡി.എഫ് സംസ്ഥാന നേതൃത്വവും രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ പരാജയഭീതി കൊണ്ട് ആർ.എസ്.എസുമായി വരെ ധാരണയുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ലീഗിന് എല്ലാ കാലത്തും വർഗീയ കക്ഷികളെ കൂട്ടുപിടിച്ച ചരിത്രമാണുള്ളതെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.
അതേസമയം, മുസ്ലീം ലീഗ് പൊന്നാനിയിൽ വർഗീയത കളിക്കുകയാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവർ ആരോപിച്ചു. മുസ്ലീം ലീഗ്- എസ്.ഡി.പി.ഐ ചർച്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ്. ചർച്ചയ്ക്ക് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാനും എത്തിയിരുന്നു. ഇടതു മുന്നണിയെ പരാജയപ്പെടുത്താൻ യു.ഡി.എഫ് ആർ.എസ്.എസുമായി വരെ ചർച്ച നടത്തുമെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.