രാഷ്‌ട്രീയക്കാരനായ അച്ഛനേക്കാൾ നടനായ സുരേഷ് ഗോപിയെയാണ് തനിക്കിഷ്‌ടമെന്ന് യുവതാരം ഗോകുൽ സുരേഷ്. തനിക്ക് ഈ നാട്ടിലെ പൊളിറ്റിക്‌സ് ഇഷ്‌ടമല്ലെന്നും ഗോകുൽ പറയുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗോകുൽ മനസു തുറന്നത്.
'എനിക്ക് ഈ നാട്ടിലെ പൊളിറ്റിക്സ് ഇഷ്ടമല്ല. എന്റെ അച്ഛൻ വളരെ രാജ്യസ്‌നേഹമുള്ള, രാജ്യത്തിന് ഏറെ ഗുണകരമാകുന്ന കാര്യങ്ങൾ ചെയ്യാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അച്ഛൻ സമ്പാദിച്ച പണമൊക്കെ എത്രയോ നല്ല കാര്യങ്ങൾക്കു വേണ്ടിയും സന്നദ്ധപ്രവർത്തനങ്ങൾക്ക് വേണ്ടിയും മടി കൂടാതെ ചെലവഴിച്ചിട്ടുണ്ട്. പക്ഷേ ആ സേവനങ്ങൾക്കൊന്നും പലപ്പോഴും ഒരു വില ലഭിക്കാറില്ല. അച്ഛനെ ചിലപ്പോൾ ഈ നാട് ഉപയോഗിക്കും, അച്ഛനൊരു 85 വയസ്സൊക്കെ ആകുമ്പോൾ. ചുറുചുറുക്ക് ഉള്ള ഈ സമയത്ത് ആ സേവനങ്ങൾ ഉപയോഗപ്പെടുത്താതെ അന്ന് ഉപയോഗിച്ചിട്ട് എന്ത് കാര്യം. അതുകൊണ്ടുതന്നെ, രാഷ്ട്രീയത്തിൽ നിൽക്കുന്ന അച്ഛനെക്കാളും നടനായ സുരേഷ്‌ഗോപിയെ കാണാനാണ് എനിക്കിഷ്‌ടം.'
താൻ സിനിമയിലേക്ക് വന്നതു തന്നെ അച്ഛൻ ആവശ്യപ്പെട്ടിട്ടാണെന്ന് ഗോകുൽ സുരേഷ് പറയുന്നു. 'ആദ്യ ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോൾ ഫ്രൈഡേ ഫിലിംസ് അച്ഛനോടാണ് കഥ പറഞ്ഞത്. അച്ഛന് കഥ ഇഷ്ടമായി. ഞാൻ ഫൈനൽ ഇയറിനു പഠിക്കുകയാണ് അപ്പോൾ. അച്ഛനെന്നെ ബാംഗ്ലൂരിലേക്ക് വിളിച്ച് ഇങ്ങനെ ഒരു കഥ കേട്ടു, എനിക്കിഷ്‌ടപ്പെട്ടു. നിനക്ക് വേണ്ടിയാണ് അവർ വന്നത്. കേട്ടു നോക്കുന്നോ എന്നു ചോദിച്ചു. അതുവരെ എന്നോട് ഒന്നും അച്ഛൻ ആവശ്യപ്പെട്ടിട്ടില്ലായിരുന്നു. ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ കേട്ടു നോക്കാം എന്നായി. കഥ കേട്ടപ്പോൾ എനിക്കും ഇഷ്‌ടമായി, അങ്ങനെയാണ് സിനിമയിലേക്കു വരുന്നത്.