ന്യൂഡൽഹി: ഐ.പി.എൽ ഒത്തുകളി വിവാദത്തെത്തുടർന്ന് മുൻ ഇന്ത്യൻതാരം എസ്.ശ്രീശാന്തിന് ബി.സി.സി.ഐ എർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. എന്നാൽ കേസിൽ ശ്രീശാന്തിനെ കുറ്റവിമുക്തമാക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ബി.സി.സി.ഐ നടപടിക്കെതിരേ ശ്രീശാന്തിന്റെ ഹർജിയിൽ സുപ്രീംകോടതി ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതിനെന്തായാലും ആജീവനാന്തവിലക്കല്ല ഏർപ്പെടുത്തേണ്ടത്. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്തെന്ന് ബി.സി.സി.ഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസും അച്ചടക്കനടപടിയും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തിൽ സുപ്രീം കോടതി വ്യക്തമാക്കി.
ഐ.പി.എൽ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏർപ്പെടുത്തിയത്. രാജസ്ഥാൻ റോയൽസിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. ഈ കേസിൽ പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്ക് നീക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്‌ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച അപ്പീലിലാണ് താരത്തിനെതിരെയുള്ള വിലക്ക് ശരിവച്ചത്. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.