-supreme-court-on-sreesan

ന്യൂഡൽഹി: തന്റെ ജീവിതം തകർത്തത് മഹേന്ദ്രസിംഗ് ധോണിയും രാഹുൽ ദ്രാവിഡുമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു. ആവശ്യമായ സമയത്ത് ഇവർ പിന്തുണ നൽകിയില്ലെന്നും, തന്റെ വാക്കുകൾ കേൾക്കാനുള്ള സന്മനസ് പോലും ഇരുവരും കാണിച്ചില്ലെന്നും ശ്രീശാന്ത് പറയുന്നു. രണ്ട് വർഷം മുമ്പ് ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.

'എന്നെ ഏറെ അറിയുന്ന ദ്രാവിഡ് രാജസ്ഥാൻ റോയൽസ് ടീമിൽ ഉണ്ടായിട്ടും എനിക്ക് ഒപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാൻ സന്ദേശം അയച്ചിരുന്നു എന്നാൽ ഒരു മറുപടി പോലും ലഭിച്ചില്ല. ആറോ അതിൽ അധികമോ ഇന്ത്യൻ താരങ്ങളെ അന്നത്തെ ഐ.പി.എൽ കോഴക്കേസിൽ ഡൽഹി പൊലീസ് കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ആ പേരുകൾ പുറത്ത് എത്തിയിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നു. എന്നാൽ നിരപരാധിയായ എന്നെയും ചിലരെയും കുടുക്കി കേസ് ശരിക്കും ഒതുക്കി തീർത്തു'- ശ്രീശാന്ത് പറഞ്ഞു.

എന്തും നേരിടാൻ തയ്യാറാണെന്നും, കളിക്കാൻ അനുവദിച്ചാൽ ഏത് രാജ്യത്തിന് വേണ്ടിയും കളിക്കാൻ താൻ ഒരുക്കമാണെന്നും ശ്രീശാന്ത് വ്യക്തമാക്കി. 2013ലെ ഐ.പി.എൽ മത്സരത്തിനിടയിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള മത്സരത്തിൽ ഒത്തുകളി നടത്തിയെന്ന കേസിൽ ശ്രീശാന്തിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. തുടർന്ന് 2015ൽ ഡൽഹി കോടതി കേസിൽ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയിൽ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച് സിംഗിൾ ബെഞ്ച് വിലക്ക് നീക്കിയെങ്കിലും ബി.സി.സി.ഐ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് വീണ്ടും വിലക്ക് തുടരുകയായിരുന്നു. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജിയിൽ സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കിയെങ്കിലും കുറ്റവിമുക്തനാക്കിയില്ല.