kaviyoor-ponnamma

മീ ടൂ വിവാദം ഹോളിവുഡും ബോളിവുഡും കടന്ന് മലയാള സിനിമയെയും ഗ്രസിച്ചിരുന്നു. പുതുതലമുറയിലെ താരങ്ങൾ മുതൽ മുതി‌ർന്ന നടിമാർ വരെ തങ്ങൾക്ക് നേരിടേണ്ടി വന്ന തീക്താനുഭവങ്ങൾ പങ്കുവച്ചിരുന്നു. ഇതിൽ ഏറ്റവും വിവാദമായത് മലയാളസിനിമയുടെ ഹാസ്യകുലപതി അടൂർഭാസിക്കെതിരായ നടി കെ.പി.എ.സി ലളിതയുടെ പരാമർശമായിരുന്നു. ഭാസിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ തന്നെ ചില സിനിമകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്നും പിറകെ നടന്ന് ശല്യം ചെയ്തിട്ടുണ്ടെന്നും കെ.പി.എ.സി ലളിത പറഞ്ഞിരുന്നു. ഇപ്പോഴിതാ ലളിതയ്‌ക്ക് പിന്നാലെ തനിക്കും ഒരു നിർമ്മാതാവിൽ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് മുതിർന്ന നടി കവിയൂർ പൊന്നമ്മ. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ മനസു തുറന്നത്.

'ചെന്നൈയിൽ ഷൂട്ടിംഗിന് ചെന്നാൽ ഞാൻ സ്ഥിരമായി ഒരുഹോട്ടലിലാണ് താമസിക്കാറുള്ളത്. ഗായിക കവിയൂർരേവമ്മയുടെ ബന്ധുവിന്റെ ഹോട്ടൽ. ഒരു ദിവസം ഞാൻ അപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിർമ്മാതാവ് പറഞ്ഞു, ഇന്നു മുതൽ അയാളുടെ ഓഫീസിലേക്ക് താമസം മാറണമെന്ന്. പറ്റില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. അതെന്താ പൊന്നമ്മ അങ്ങനെ പറയുന്നത്, സാക്ഷാൽ വൈജയന്തിമാലപോലും അങ്ങനെ പറയില്ലല്ലോ എന്ന് അയാൾ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, വൈജയന്തിമാലയുടെ കാര്യം എനിക്കറിയില്ല പക്ഷേ ഞാൻ അങ്ങനെ പറയും എന്ന് മറുപടി നൽകി. പിന്നീട്‌ മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല' കവിയൂർ പൊന്നമ്മ പറഞ്ഞു.

എന്നാൽ അടൂർ ഭാസിക്കെതിരെയുള്ള കെ.പി.എ.സി ലളിതയുടെ പരാമർശം താൻ വിശ്വസിക്കില്ലെന്ന് പൊന്നമ്മ പറഞ്ഞു. ഭാസിയെക്കുറിച്ച് മലയാള സിനിമയിൽ എല്ലാവർക്കുമറിയാമെന്നും, അങ്ങേർക്ക് അതിനൊന്നും കഴിയില്ലെന്നുമായിരുന്നു അവരുടെ അഭിപ്രായം.