തിരുവനന്തപുരം: എ.ഐ.സി.സി മുൻ ജനറൽ സെക്രട്ടറി ടോം വടക്കന് പുറമെ കേരളത്തിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്നും ഈ നീക്കം തടഞ്ഞത് പാർട്ടിയിലെ തന്നെ ഒരുവിഭാഗമാണെന്നും ആരോപണം. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിൽ വരുമ്പോഴെല്ലാം മറ്ര് പാർട്ടിയിലെ പ്രമുഖരെ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധിക്കാനാവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളത്തിലെ നേതാക്കൾ വളരെ അപക്വമായി പെരുമാറിയതും ഗ്രൂപ്പ് പരിഗണന വച്ച് എതിർഗ്രൂപ്പ് നടത്തുന്ന നീക്കം പൊളിക്കുന്നതുമാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
കണ്ണൂർ ജില്ലയിലെ പൊതുയോഗത്തിൽ വച്ച് സംസ്ഥാന നേതൃനിരയിലെ പ്രമുഖൻ "അവൻ വരും " എന്ന് പ്രസംഗിച്ചിരുന്നു. കണ്ണൂരിലെ ബി.ജെ.പി അണികൾക്ക് കൂടി താല്പര്യമുള്ള പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു ഈ "അവൻ". അത് തന്റെ മിടുക്കാണ് എന്ന് കാണിക്കാൻ കൂടിയായിരുന്നു ബി.ജെ.പി നേതാവിന്റെ ഈ പ്രസംഗം. ഇതോടെ ബി.ജെ.പിയിൽ ചേരാനിരുന്ന കണ്ണൂരിൽ നിന്നുള്ള കരുത്തനായ കോൺഗ്രസ് നേതാവിന് പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദവും പ്രലോഭനവും ഏറി. വരവ് മുടങ്ങുകയും ചെയ്തു. ഇത് അമിത്ഷായെ ചൊടിപ്പിച്ചെന്നാണറിഞ്ഞത്.
കഴിഞ്ഞ വർഷം അമിത് ഷാ തിരുവനന്തപുരത്ത് വരാനിരുന്നപ്പോൾ മദ്ധ്യതിരുവിതാംകൂറിൽ നിന്നുള്ള ഒരു പ്രമുഖ കോൺഗ്രസ് നേതാവ് അമിത്ഷായെ കാണാനായി തിരുവനന്തപുരത്തെത്തിയതാണ്. പിന്നീട് ശബരിമല വിഷയത്തിൽ സംഘപരിവാറിന് അനുകൂലമായി ശക്തമായ നിലപാടെടുത്തയാളായിരുന്നു ഇദ്ദേഹം. ഇത് മണത്തറിഞ്ഞ പാർട്ടിയിലെ മാദ്ധ്യമ വിഭാഗത്തിലെ ഒരാൾ തന്നെ നീക്കം പത്രങ്ങൾക്ക് ചോർത്തി നൽകി. അതോടെ അദ്ദേഹവും പിന്മാറി. തെക്കൻ കേരളത്തിൽ നിന്ന് സി.പി.എം സ്വതന്ത്രനായി ജയിച്ച എം.എൽ.എയും തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിൽ വരാനിരുന്നതായിരുന്നു. ഇതും" ടോർപ്പിഡോ" ചെയ്തത് ബി.ജെ.പിയിലെ ഒരു വിഭാഗമായിരുന്നു എന്നാണ് ആരോപണം. മൂന്നു ദശാബ്ദക്കാലമായി പാർട്ടിയിൽ സ്ഥിരം മത്സരിക്കുന്നവർ പുതുതായി പാർട്ടിയിലേക്ക് വരുന്നവരെ പല വിധേന തടയുകയാണെന്നും ആരോപണമുണ്ട്