വയനാട്: ക്രിസ്തീയ സഭയിലെ ദുഷ്ചെയ്തികൾക്കെതിരെ പോരാട്ടം നടത്തുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും നോട്ടീസ്. സന്യസ്ത സമൂഹത്തിൽ നിന്നും പുറത്തു പോകണമെന്നാവശ്യപെട്ടാണ് ഇപ്പോൾ നോട്ടീസ് അയച്ചിട്ടുള്ളത്. പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്ന ഭീഷണിയും 18 പേജുള്ള നോട്ടീസിൽ പറയുന്നുണ്ട്. സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റർക്കെതിരെയുള്ള പ്രധാന ആരോപണം. കാറ് വാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യ വ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.
കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം നോട്ടീസിലില്ല. പുറത്തു പോകുന്നില്ലെങ്കിൽ കാരണം ഏപ്രിൽ 16ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ലൂസി കളപ്പുരയ്ക്കൽ കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്നും നോട്ടീസ് വ്യക്തമാക്കുന്നു. പുറത്ത് പോകുന്നുവെങ്കിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കാമെന്ന ഔദാര്യ വാക്കും നോട്ടീസിലുണ്ട്.
നേരത്തെ രണ്ട് തവണ സിസ്റ്റർക്ക് സന്യാസിനി മഠം നോട്ടീസ് നൽകിയിരുന്നു. ഇതിൽ രണ്ടാമത്തെ നോട്ടീസിന് നേരിൽ എത്തിയാണ് മറുപടി നൽകിയത്. താൻ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് തെളിവ് സഹിതം രേഖാമൂലം മറുപടി നൽകിയിട്ടും മൂന്നാം തവണയും നോട്ടീസ് നൽകിയിരിക്കുകയാണ്.
സന്യാസിനി മഠത്തിലെ സിസ്റ്റർ ബ്രോഷിൽ വഴിയാണ് മൂന്നാമത്തെ നോട്ടീസ് സിസ്റ്റർക്ക് എത്തിച്ചിട്ടുള്ളത്.
മഠത്തിൽനിന്ന് പുറത്ത് പോകാൻ ആഗ്രഹമില്ലെന്നും, പുറത്താക്കിയാലും സന്യാസ ജീവിതം തുടരുമെന്നും സിസ്റ്റർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പതിനേഴാമത്തെ വയസിൽ സന്യാസ ജീവിതം സ്വീകരിച്ചതാണ്.
ഒറ്റപ്പെട്ടവരുടേയും ദീനത അനുഭവിക്കുന്നവരുടേയും കണ്ണീരൊപ്പാനാണ് ഇതേവരെ ശ്രമിച്ചിട്ടുള്ളത്. അത് ഇനിയും തീഷ്ണതയോടെ തുടരുമെന്നും സിസ്റ്റർ പ്രതികരിച്ചു. നോട്ടീസ് കണ്ട് ഭയപ്പെടില്ലെന്നും സത്യസന്ധമായി ഇനിയും മുന്നോട്ടുപോകുമെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.