kollam

കൊല്ലം: പ്രണയത്തെ തുടർന്ന് കാമുകി കാമുകന്മാർ ഒളിച്ചോടുന്നത് പതിവാണ്. എന്നാൽ ഒളിച്ചോടിയവരെ പിടിക്കപ്പെട്ടാൽ കാമുകനെ മാറ്റിപ്പറയുന്നത് കണ്ടിട്ടുണ്ടോ?​ ഇല്ലെങ്കിൽ അങ്ങനെയൊരു സംഭവത്തിനാണ് കൊല്ലത്തെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

18കാരനായ കാമുകനോടൊപ്പം ഒളിച്ചോടിയ കാമുകിയെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ പെൺകുട്ടി പറഞ്ഞതു പ്രണയത്തിന് കൂട്ടുനിന്ന സുഹൃത്തിന്റെ പേര്. താനാണ് യഥാർത്ഥ കാമുകനെന്നു പറയാൻ പതിനെട്ടുകാരനും മടി കാണിച്ചതോടെ സുഹൃത്ത് കുടുങ്ങി. പിന്നെ രണ്ട് കൽപ്പിച്ച് സുഹൃത്തിന്റെ വക പൊലീസുകാരുടെ മുന്നിൽവച്ചുതന്നെ അസഭ്യവർഷവും തുടങ്ങി. കമിതാക്കളുടെ തിരക്കഥ ഇതോടെ മുഴുവനായും പൊളിഞ്ഞു.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, ഒരാഴ്ച മുമ്പാണ് കൊല്ലത്തെ പത്തൊൻപതുകാരിയും പതിനെട്ടുകാരനും വീടുവിട്ടുപോയത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ അഞ്ചാലമൂട് പൊലീസ് കെസടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിക്കും യുവാവിനും ഒപ്പം ഒരു സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ പെൺകുട്ടി സുഹൃത്തുമായാണ് അടുപ്പത്തിലെന്നും വിവാഹം കഴിക്കാനാണു തീരുമാനമെന്നും അറിയിച്ചു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇരുവരുടെയും വിവാഹം നടത്തി നൽകാമെന്നു തമാശയായി പറഞ്ഞു. തുടർന്നാണ് ഒളിച്ചോടൽ നാടക്കത്തിന്റെ കഥ പൊളിയുന്നത്. താൻ ഒളിച്ചോടിയത് ഒപ്പം കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരനൊപ്പമാണ്. അയാൾക്കു വിവാഹ പ്രായമാകാത്തതിനാൽ സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പൊലീസ് പിടിച്ചാൽ 22 വയസുകാരനായ സുഹൃത്തിനൊപ്പമാണു വീടുവിട്ടിറങ്ങിയതെന്നു പറയാനായിരുന്നു തീരുമാനം.

പ്രശ്നം ഇത്രയും രൂക്ഷമായിട്ടും 18കാരൻ സത്യം തുറന്നു പറയാൻ മുതിർന്നില്ല. ഇതിന് ശേഷമാണ് സുഹൃത്ത് പൊലീസുകാരുടെ മുന്നിൽ വച്ചു ക്ഷോഭിച്ചത്. അതോടെ യഥാർത്ഥ കാമുകൻ എല്ലാം പറഞ്ഞ് കീഴടങ്ങി. പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോൾ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകാൻ സന്നദ്ധത അറിയിച്ച് ഒപ്പിട്ടു നൽകി. പുറത്തിറങ്ങിയപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ കാമുകനൊപ്പം പോയി.