തിരുവനന്തപുരം: കോട്ടകെട്ടിയപോലെ മതിലുകൾ, ആകാശംമുട്ടെ ഇടതൂർന്ന മരങ്ങളും വള്ളിപ്പടർപ്പുകളും, നട്ടുച്ചയ്ക്ക് പോലും വെളിച്ചം കടക്കാൻ അറയ്ക്കും വിധം ഇരുട്ട്, ചീവിടുകളുടെയും നരിച്ചീറുകളുടെയും നിറുത്താതെയുള്ള കരച്ചിൽ. കൈമനത്ത് ദേശീയപാതയ്ക്കരികിൽ അനന്തു എന്ന യുവാവിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി ഉപേക്ഷിച്ച സ്ഥലത്തിന്റെ ഏകദേശ ചിത്രം ഇതാണ്. ഇവിടെ ആർ.ടി.ടി.സി- ബി.എസ്.എൻ.എല്ലിന്റെ അറുപതേക്കർ പുറമ്പോക്ക് ഭൂമി പ്രദേശവാസികൾക്ക് എന്നും പേടി സ്വപ്നമായിരുന്നു. മാലിന്യം കൊണ്ടുതള്ളാറുണ്ടായിരുന്ന ഇവിടം വിഷ സർപ്പങ്ങളുടെയും ക്ഷുദ്രജീവികളുടെയും താവളം കൂടിയാണ്. ഇവിടെയാണ് അനന്തുവിനെ കൊലപ്പെടുത്തിയ ഗുണ്ടകളടക്കം തമ്പടിച്ചിരുന്നത്.
അരനൂറ്രാണ്ട് മുമ്പ് ബി.എസ്.എൻ.എൽ ടെക്നിക്കൽ ഏരിയയ്ക്കായി പൊന്നും വിലയ്ക്കെടുത്ത സ്ഥലമാണിത്. ഇതിന്റെ ഒത്ത മദ്ധ്യത്തിലാണ് കൂറ്റൻ മരങ്ങളുടെ നടുവിലായി പൊളിഞ്ഞ പന്നിക്കൂട്. മേൽക്കൂരയോ വാതിലുകളോ ഇല്ലാതെ പൊട്ടിപ്പൊളിഞ്ഞ് അരച്ചുമരുകൾ മാത്രമുള്ള ഇതിനുള്ളിലാണ് അനന്തുവിനെ ഇഞ്ചിഞ്ചായി കൊല ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റിബൺ കെട്ടിത്തിരിച്ച ചുമരിന്റെ ഭാഗത്ത് ഇപ്പോഴും കാണാം അനന്തുവിന്റെ രക്തം കട്ടിപിടിച്ച പാടുകൾ. ഒരിടത്തല്ല, ഒരുപാട് സ്ഥലത്ത്. അനന്തുവിന്റെ തലയോ മുഖമോ ചുമരിൽ ചേർത്ത് ഇടിച്ചപ്പോൾ തെറിച്ച രക്തതുള്ളികൾ. തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് ഇതെല്ലാം മാർക്ക് ചെയ്ത് നമ്പറുകൾ ഇട്ടിട്ടുണ്ട്. കരമന പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 535/19, 13.3.2019 എന്ന് പേപ്പറിൽ പ്രിന്റെടുത്ത് അരചുമരിൽ ഒട്ടിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഓഫീസുൾപ്പെടെ നിരവധി കെട്ടിടങ്ങൾ പ്രവർത്തിക്കുന്ന കോമ്പൗണ്ടിന്റെ പിൻവശത്ത് വനിതാ പോളിടെക്നിക്കിനോട് ചേർന്ന ഭാഗത്താണ് കൊലപാതകമുണ്ടായത്.
പാഴ് മരങ്ങൾ തിങ്ങിനിറഞ്ഞ കുറ്റിക്കാട്ടിനുളളിൽ നിന്ന് ഉച്ചത്തിൽ വിളിച്ചാലോ കരഞ്ഞാലോ പുറത്ത് കേൾക്കില്ല. വനിതാ പൊളിടെക്നിക്കും ബി.എസ്.എൻ.എൽ ഓഫീസും വൈകുന്നേരം വിജനമാകുന്നതോടെ തൊട്ടുചേർന്നുള്ള കുറ്റിക്കാട് സമൂഹ വിരുദ്ധരുടെ സങ്കേതമാവും. കഞ്ചാവ് സംഘങ്ങൾ, ലഹരിമരുന്ന് മാഫിയകൾ ഇവരെല്ലാം തമ്പടിക്കുന്നത് ഇവിടെയാണ്. അനന്തു വധക്കേസിലെ പ്രതികളിലൊരാളുടെ ബർത്ത് ഡേ ആഘോഷം നടന്നതും ഈ സ്ഥലത്തുതന്നെ. ആഘോഷത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കൊലപാതകം നടന്ന പൊളിഞ്ഞ കെട്ടിടത്തിലാണ് ബർത്ത് ഡേ ആഘോഷവും പൊടിപൊടിച്ചതെന്ന് വ്യക്തമായത്. അനന്തുവിനെ തട്ടിക്കൊണ്ട് പോകുന്നതിന് ഏതാനും മണിക്കൂർ മുമ്പായിരുന്നു ആഘോഷം.
അനന്തുവിന്റെ ബൈക്ക് സമീപത്തെ ഇരുചക്രവാഹന ഷോറൂമിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് പൊലീസ് ഇവിടെ തെരച്ചിൽ നടത്തിയതും മൃതദേഹം കണ്ടെത്തിയതും. പന്നിഫാമിൽ നിലത്ത് കിടത്തിയ നിലയിലായിരുന്നു മൃതദേഹം.
ആരുമറിയില്ല..
കാട്ടിനുള്ളിലെ മരച്ചുവടുകളിലും വള്ളിപ്പടർപ്പുകൾക്കുള്ളിലും മയക്കുമരുന്ന് ഉപയോഗിച്ചവർ ഉപേക്ഷിച്ച സിറിഞ്ചുകൾ, മദ്യക്കുപ്പികൾ കഞ്ചാവ് ബീഡിയുടെ അവശിഷ്ടങ്ങൾ എന്നിവ ചിതറിക്കിടപ്പുണ്ട്. സ്ഥിരമായി ഇത്തരം സംഘങ്ങൾ ഇവിടെ എത്തിയിരുന്നു എന്നതിന് തെളിവ്. ഈ ഭാഗത്തേക്ക് കടന്ന് പന്നിഫാമിന്റെ അറകളിൽ ഇരുന്നാൽ പുറത്താർക്കും കാണാനാവില്ല.
അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് സാന്നിദ്ധ്യത്തിലാണ് നാട്ടുകാരിൽ പലരും ഇതിനുള്ളിൽ കടക്കാൻ മുതിർന്നത്. കാടിനുള്ളിൽ അങ്ങിങ്ങായി നിൽക്കുന്ന തെങ്ങുകളിൽ മുമ്പ് തേങ്ങയിടാനെത്തിയ ആൾ പാമ്പുകടിയേറ്റ് മരിച്ചതോടെ നാട്ടുകാരാരും ഇതിനുള്ളിൽ കടക്കാറില്ല. മാലിന്യ നിക്ഷേപവും ഇഴജന്തുക്കളുടെ ശല്യവും കാരണം കുറ്റിക്കാട് വെട്ടിത്തെളിക്കണമെന്ന് നാട്ടുകാരും കൈമനം വിവേക് നഗർ റസി. അസോസിയേഷനും ബി.എസ്.എൻ.എല്ലിന് നിവേദനം നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. അനന്തുവിന്റെ കൊലപാതകത്തോടെ കുറ്റിക്കാടുകൾ വെട്ടി ഇവിടം മതിൽകെട്ടി സംരക്ഷിക്കാനോ സെക്യൂരിറ്റിയെ നിയമിക്കാനോ നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട അനന്തു. ഫോട്ടോ എസ്.ജയചന്ദ്രൻ
ഒരു വർഷം മുമ്പ് കോവളം പനത്തുറയിൽ വിദേശവനിതയെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയതും ഇതുപോലെ വിജനമായ കുറ്റിക്കാട്ടിലായിരുന്നു. പനത്തുറ സംഭവത്തോടെ നഗരത്തിലെ വിജനമായ സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണമുണ്ടായിരുന്നെങ്കിലും കൈമനത്തെ ഈ സ്ഥലത്തെ ആരും ഗൗനിച്ചില്ല.