അടുത്തകാലത്ത് ഇന്ത്യ ഏറ്രവും അധികം നയതന്ത്ര ഊർജ്ജം ചെലവാക്കിയത് മസൂദ് അസ്ഹർ എന്ന കൊടുംഭീകരനെ യു.എന്നിന്റെ കരിമ്പട്ടികയിൽ പെടുത്താനാണ്. 2017 ലെ ബ്രിക്സ് ഉച്ചകോടിയിലും 2018 ലെ മോദി - ഷി ജിൻ പിങ് വൂഹാൻ സമ്മേളനത്തിലും ഇക്കഴിഞ്ഞ റഷ്യ - ചൈന- ഇന്ത്യ കൂടിക്കാഴ്ചയിലും ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുടെ എല്ലാ നയതന്ത്ര ശേഷിയും ഉപയോഗിച്ചിട്ടും അസ്ഹർ മസൂദിനെതിരെയുള്ള നടപടിയെ ചൈന തുരങ്കം വയ്ക്കുകയാണ് ചെയ്തത്. ഇത് നാലാം തവണയാണ് ചൈന മസൂദിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നത്. യഥാർത്ഥത്തിൽ ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ഭീകരപ്രവർത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ചൈന. എന്താണ് ഈ നയത്തിന്റെ കാരണങ്ങൾ ?
പാകിസ്ഥാൻ ചൈനയുടെ അടുത്ത സുഹൃത്ത്
ഇന്ന് ലോകത്ത് ചൈനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് പാകിസ്ഥാൻ. ' തേനിനേക്കാൾ മധുരവും സമുദ്രത്തേക്കാൾ ആഴവും പർവതനിരകളേക്കാൾ ഉയരവുമുള്ള ബന്ധം ' എന്നാണ് പാക് - ചൈനാ ബന്ധത്തെ ഇരുരാജ്യങ്ങളും വിശേഷിപ്പിക്കുന്നത്. ഈ ബന്ധത്തിന് പ്രാദേശികവും ആഗോളതലത്തിലുള്ളതുമായ പ്രാധാന്യമുണ്ട്. അമേരിക്കയെ ധിക്കരിച്ചു പോലും ചൈന പറയുന്നതാണ് പാകിസ്ഥാൻ കേൾക്കുന്നത്. ചൈനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലെ പ്രധാന പങ്കാളിയാണ് പാകിസ്ഥാൻ. . ഈ പദ്ധതി പോകുന്നത് പാക് അധിനിവേശ കാശ്മീരിലൂടെയാണ്. ഇന്ത്യയുടെ എതിർപ്പുകൾക്ക് യാതൊരു വിലയും ചൈന കൽപ്പിക്കുന്നില്ല. കൂടാതെ ചൈനയുടെ ഏറ്റവും പ്രധാന സൈനിക പങ്കാളി കൂടിയാണ് പാകിസ്ഥാൻ. പാകിസ്ഥാനെ ആണവശക്തിയാക്കിയതിൽ പ്രധാനിയാണ് ചൈന. ഇക്കാരണങ്ങളാൽ തന്നെ പാകിസ്ഥാന്റെ സമ്മതമില്ലാതെ മസൂദിനെതിരെ ഒരു നടപടിയും ചൈന എടുക്കില്ല. അതുകൊണ്ടാണ് പാകിസ്ഥാനും ഇന്ത്യയും ചൈനയും യോജിപ്പിലെത്തിയാൽ മാത്രമേ മസൂദിന്റെ കാര്യത്തിൽ നയംമാറ്റം ഉണ്ടാവൂ എന്ന് വീറ്റോ പ്രയോഗിച്ചതിന് ശേഷം വ്യക്തമാക്കിയത്.
ഇന്ത്യ പൊതുശത്രു
ശത്രുവിന്റെ ശത്രു മിത്രം എന്നത് കൗടില്യൻ സിദ്ധാന്തമാണ്. ചൈനയ്ക്കും പാകിസ്ഥാനും ഇന്ത്യ പൊതുശത്രുവാണ്. ഇരുരാജ്യങ്ങളുമായും ഇന്ത്യ പടവെട്ടിയിട്ടുണ്ട്. അതിർത്തി തർക്കങ്ങളും സംഘർഷവും നിത്യസംഭവങ്ങളാണ്. ഇന്ത്യയുടെ ചില പ്രദേശങ്ങൾ ഇവർ പരസ്പരം കൈമാറിയിട്ടുണ്ട്. ഇന്ത്യയെ വലയം വയ്ക്കുന്ന ചൈനയുടെ മുത്തുമാല തന്ത്രത്തിലെ പ്രധാനകണ്ണിയാണ് പാകിസ്ഥാൻ. അഫ്ഗാനിസ്ഥാനെ ഇന്ത്യയ്ക്കെതിരെയുള്ള തന്ത്രപരമായ സമ്പാദ്യമായി ഉപയോഗിക്കാൻ വേണ്ടുന്ന എല്ലാ സഹായവും പാകിസ്ഥാന് ചൈന നൽകുന്നുണ്ട്. ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെ തള്ളിപ്പറയുമ്പോഴും ഇന്ത്യയ്ക്കെതിരെ നടക്കുന്ന പാകിസ്ഥാന്റെ കൈയൊപ്പ് പതിഞ്ഞ ഭീകരാക്രമണങ്ങളെ തള്ളിപ്പറയാൻ ചൈന തയാറല്ല.
അടിസ്ഥാന കാരണം
ലോകത്തെ ഒന്നാം നമ്പർ ശക്തിയാകാൻ വെമ്പൽ കൊള്ളുന്ന രാജ്യമാണ് ചൈന. ദീർഘകാലാടിസ്ഥാനത്തിൽ ഈ സ്വപ്നസാക്ഷാത്കാരത്തിനുള്ള ഏറ്റവും വലിയ തടസമാണ് ഇന്ത്യ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം അടക്കമുള്ള സഖ്യം ചൈനയെ ലക്ഷ്യമാക്കിയുള്ളതാണ്. അങ്ങനെ ചൈനയ്ക്ക് തടയിടാൻ ശ്രമിക്കുന്ന ഇന്ത്യയെ എന്തിന് സഹായിക്കണം എന്നതാണ് ചൈനയുടെ പ്രശ്നം. ചുരുക്കത്തിൽ ഇന്ത്യാ ചൈനാ ബന്ധത്തിലെ അടിസ്ഥാന തർക്കങ്ങളും ആഗോള ശാക്തിക മത്സരവുമാണ് ഇന്ത്യയെ ചൈനയ്ക്ക് അപ്രിയമാക്കുന്നത്.
യു.എൻ പുണ്യാളനല്ല
ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ യു.എൻ പലപ്പോഴും ഇരട്ടത്താപ്പ് പുലർത്തിയിട്ടുണ്ട്. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരവാദികൾക്കൊപ്പം അമേരിക്കയ്ക്ക് വേണ്ടി ഐക്യരാഷ്ട്രസഭ പ്രവർത്തിച്ചിട്ടുണ്ട്. യു.എൻ പണ്ട് കരിമ്പട്ടികയിൽ പെടുത്തിയ താലിബാൻ ഭീകരൻ സാൽമെ ഖാലിൽസാദുമായിട്ടാണ് അമേരിക്ക ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ചർച്ച നടത്തുന്നത്. അതുകൊണ്ട് യു.എന്നിലെ നിലപാട് പാശ്ചാത്യർക്ക് ഇഷ്ടമല്ലെങ്കിലും, അത് ചൈനയെ വിഷമത്തിലാക്കുന്നില്ല.
പാശ്ചാത്യ തന്ത്രം
യു.എസ് , ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ യു.എൻ സ്ഥിരാംഗങ്ങളാണ് മസൂദിനെ കരിമ്പട്ടികയിൽ പെടുത്താൻ മുൻകൈയെടുത്തത്. പാശ്ചാത്യ ശക്തികൾക്ക് ഇതിലൊരു ഗൂഢതന്ത്രമുണ്ട്. ഈ ശ്രമം ഫലം കാണില്ലെന്ന് ചൈനയുടെ പ്രസ്താവനകളിൽ നിന്ന് തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു. ഇന്ത്യാ - ചൈനാ ബന്ധത്തിൽ അകൽച്ച സൃഷ്ടിക്കാനുള്ള അവസരമായിട്ടാണ് പാശ്ചാത്യർ ഈ നടപടിക്ക് ചുക്കാൻ പിടിച്ചത്. അതായത് ആഗോള രാഷ്ട്രീയത്തിലെ ശാക്തിക മത്സരത്തിൽ ഇന്ത്യ അവർക്കൊപ്പമായിരിക്കണമെന്ന് നിർബന്ധമുണ്ട്. ഇക്കാര്യത്തിൽ റഷ്യയുടെ നിഷ്ക്രിയത്വവും ശ്രദ്ധേയമാണ്.
പാകിസ്ഥാൻ ഒറ്റപ്പെടുമോ?
പുൽവാമ ഭീകരാക്രമണത്തിലും തുടർസംഭവങ്ങളിലും പാകിസ്ഥാനുമേൽ ലോകരാഷ്ട്രങ്ങളുടെ കടുത്ത സമ്മർദ്ദമുണ്ടായിട്ടുണ്ട്. എന്നാൽ ഇക്കാരണത്താൽ പാകിസ്ഥാൻ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ല. കാരണം ചൈന, റഷ്യ, അറബ് രാജ്യങ്ങൾ , അമേരിക്ക എന്തിനേറെ പറയുന്നു, നമ്മുടെ അയൽരാജ്യങ്ങളായ നേപ്പാളിനും ശ്രീലങ്കയ്ക്കും പോലും പാകിസ്ഥാനുമായി അടുത്ത ബന്ധവും താത്പര്യങ്ങളുമുണ്ട്. റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് കൂടാതെ സംയുക്ത സൈനിക അഭ്യാസവും നടത്തുന്നു. അഫ്ഗാൻ പ്രശ്നം പരിഹരിക്കാൻ പാകിസ്ഥാന്റെ സഹായം അമേരിക്കയ്ക്ക് അനിവാര്യമാണ്. ഇസ്ലാമിക രാജ്യങ്ങളിലെ ഏക ആണവശക്തിയായ പാകിസ്ഥാനുമായി പ്രത്യേക രക്തബന്ധമാണ് അറബികൾക്കുള്ളത്. ഇന്ന് പാകിസ്ഥാനെ കടക്കെണിയിൽ നിന്ന് താങ്ങി നിറുത്തയിരിക്കുന്നത് സൗദി അറേബ്യയാണ്. ഭീകരവാദത്തെക്കുറിച്ച് താത്കാലിക വിമർശങ്ങൾക്കപ്പുറത്ത് ഈ ബന്ധങ്ങൾക്ക് ഒന്നും സംഭവിക്കില്ല.
ഇന്ത്യാ- ചൈന ബന്ധത്തിന്റെ ഭാവി
2018 ലെ വൂഹാൻ ഉച്ചകോടിയ്ക്ക് ശേഷം വളരെ മൃദുസമീപനമാണ് ഇന്ത്യ ചൈനയോട് പുലർത്തുന്നത്. ദലൈലാമ - ടിബറ്റൻ വിഷയത്തിൽ ഉൾപ്പടെ ഇന്ത്യ വളരെയധികം വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. എന്നാൽ ഭീകരവിരുദ്ധ പോരാട്ടത്തിൽ മധുരത്തിൽ പൊതിഞ്ഞ പ്രസ്താവനകൾക്ക് അപ്പുറം ഒന്നിനും ചൈന തയാറല്ല. മസൂദിന്റെ കാര്യത്തിലുള്ള നിഷേധാത്മക നിലപാട് ഇന്ത്യാ ചൈന ഉഭയകക്ഷി ബന്ധത്തെ ബാധിക്കും. ഇന്ത്യ ഇത്രയധികം പ്രാധാന്യം കൊടുക്കുന്ന ഒരു വിഷയത്തിൽ സഹകരിക്കാത്ത ചൈനയുമായി എന്ത് സൗഹൃദം പുലർത്താൻ കഴിയും. പ്രത്യക്ഷത്തിൽ അല്ലെങ്കിലും ഇന്ത്യാ - ചൈനാ ബന്ധത്തിൽ വിള്ളലുകൾ വീഴുകയും ജനങ്ങൾ പരസ്പരം അകലുകയും ചെയ്യും.
ഇനിയെന്ത് ?
മസൂദിനെ കരിമ്പട്ടികയിൽ പെടുത്തുന്നതിൽ ഇനി വളരെ കുറച്ച് വഴികളേ ഇന്ത്യയ്ക്ക് മുന്നിൽ അവശേഷിക്കുന്നുള്ളൂ. ഒന്ന്, ചൈനയ്ക്ക് മേലുള്ള നയതന്ത്ര സമീപനം തുടർന്ന് ആറ് മാസം കഴിയുമ്പോൾ വീണ്ടും വിഷയം ഉന്നയിക്കുക, രണ്ട്, ചൈനയും പാകിസ്ഥാനുമായി ഇക്കാര്യത്തിൽ ചർച്ച ചെയ്ത് ധാരണയിലെത്തുക. ഇതിന് സാദ്ധ്യത വളരെ കുറവാണ്. മൂന്ന്, ഐക്യരാഷ്ട്രസഭ ഭീകരവാദം സംബന്ധിച്ച വിഷയങ്ങളിൽ വീറ്റോ പ്രയോഗിക്കുന്ന രീതി ഭേദഗതി ചെയ്യുക. ഇതും എളുപ്പമുള്ള കാര്യമല്ല. ആകെ, ലഭ്യമായിട്ടുള്ള മാർഗം നയതന്ത്രരംഗത്തെ സമ്മർദ്ദം തുടർന്നുകൊണ്ട് പാക്കിസ്ഥാനെ പ്രതിക്കൂട്ടിൽ നിറുത്തുക എന്നതാണ്. ഒരു പരിധിവരെ ഒരു നിസഹായാവസ്ഥയാണിത്.
(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ: 9447145381 )