ഇമകൾ പോലും ചലിപ്പിക്കാതെ രാഹുലിനെ നോക്കിനിന്നു എസ്.പി അരുണാചലം.
രാഹുൽ താഴെയെത്തി. പോലീസിന്റെ പിന്നിലേക്ക് വേലായുധൻ മാസ്റ്ററും വന്നു നിന്നു.
''എന്റെ വീടിനു പിന്നിലെ സേഫ്റ്റി ടാങ്കിൽ നിന്ന് നിങ്ങൾ ആരുടെയോ ബോഡി കണ്ടെടുത്തു എന്നുള്ളതു സത്യം. പക്ഷേ അത് ഞാൻ ചെയ്തതോ ചെയ്യിപ്പിച്ചതോ ആകണമെന്നില്ലല്ലോ... കാരണം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാൻ തലസ്ഥാനത്തായിരുന്നു. അച്ഛന്റെയൊപ്പം മെഡിക്കൽ കോളേജിൽ."" ''അറിയാം." "അരുണാചലം തലയാട്ടി:
''പക്ഷേ വിക്രമൻ, സാദിഖ് എന്നീ രണ്ട് ഗുണ്ടകൾ ഉണ്ടായിരുന്നു ഈ വീട്ടിൽ. പഴവങ്ങാടി ചന്ദ്രനു കാവലായിട്ട്. അവരോട് നിങ്ങൾ അവനെ സേഫ്റ്റി ടാങ്കിൽ കളഞ്ഞേക്കാൻ പറഞ്ഞതെല്ലാം സൈബർ പോലീസ് കണ്ടെത്തിക്കഴിഞ്ഞു."
തനിക്ക് തല കറങ്ങുന്നതുപോലെ തോന്നി രാഹുലിന്.
അവൻ ചകിതഭാവത്തിൽ അമ്മയെ നോക്കി. സാവത്രിയാണെങ്കിൽ അവിടുത്തെ സംഭാഷണങ്ങൾ കേട്ട് പകച്ചുനിൽക്കുകയാണ്.
''ശരി." രാഹുലിന്റെ മുഖം മുറുകി.
''നിങ്ങൾ ബാക്കി നടപടികൾ സ്വീകരിച്ചുകൊള്ളൂ. എന്തു ചെയ്യണമെന്ന് ഞാൻ കോടതിയിൽ പറഞ്ഞോളാം."
അരുണാചലം പുഞ്ചിരിച്ചു.
''ഇത് തങ്ങൾ മാത്രം ചെയ്തതാണെന്ന് ആ ഗുണ്ടകളെക്കൊണ്ട് പറയിക്കാനാണു ശ്രമിക്കുന്നതെങ്കിൽ അതിനി നടക്കില്ല രാഹുൽ. മീഡിയ പ്രസൻസിൽ അവർ എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു."
അരുണാചലം ടിവിക്കു നേരെ കൈചൂണ്ടി.
''ഒക്കെ ഇപ്പോൾ വാർത്താചാനലുകളിൽ വന്നുകൊണ്ടിരിക്കുകയാ..."
നിന്നിടത്തുനിന്ന് അനങ്ങാൻ കഴിഞ്ഞില്ല രാഹുലിന്. അവൻ കുടുകുടെ വിയർത്തു തുടങ്ങി.
ചാനലുകൾ ഓരോ ഭാവവും അപ്പപ്പോൾ ഒപ്പിയെടുത്തുകൊണ്ടിരുന്നു.
വേലായുധൻ മാസ്റ്ററെ ഇടം കണ്ണുകൊണ്ട് ഒന്നു ശ്രദ്ധിച്ചിട്ട് അരുണാചലം തുടർന്നു:
''ഇനിയുള്ളത് ഞങ്ങൾ പോലീസിന്റെ നടപടി... നിങ്ങളെ കസ്റ്റഡിയിൽ എടുക്കുകയാണ്."
അതുകേട്ട് രാഹുൽ പൊട്ടിച്ചിരിച്ചു:
''ഒരു മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുക്കാൻ പീറ എസ്.പിയോ? അതിന് സ്പീക്കറുടെ പെർമിഷൻ വേണം മിസ്റ്റർ. പിന്നെ ഡി.ജി.പി റാങ്കെങ്കിലും ഉള്ള ഉദ്യോഗസ്ഥനും.""
അരുണാചലം തല കുടഞ്ഞു.
''തന്നെപ്പോലെ ഒരുത്തനെ വിലങ്ങു വയ്ക്കാൻ തന്തയ്ക്കു പിറന്ന ഒരു പോലീസുകാരന് പെർമിഷന്റെയൊന്നും ആവശ്യമില്ല. പിന്നെ അതുകൊണ്ട് ഉണ്ടാകുന്ന കോൺസ്വീക്കൻസസ്.... അത് അനുഭവിക്കാൻ ഞാൻ ഒരുക്കവുമാണ്. എന്നാലും തന്നെയും കൊണ്ടേ ഞാൻ പോകൂ...."
പറഞ്ഞതും എസ്.പി, രാഹുലിന്റെ കയ്യിൽ പിടുത്തമിട്ടു. ശേഷം പോക്കറ്റിൽ നിന്ന് ഒരു വിലങ്ങ് വലിച്ചെടുത്ത് രാഹുലിന്റെ മുഖത്തിനു നേർക്കു പിടിച്ചു.
അതിന്റെ വളയത്തിലൂടെ അരുണാചലത്തിന്റെ കത്തുന്ന മുഖം കണ്ടു രാഹുൽ.
''ഈ ആഭരണം നിന്നെ അണിയിച്ച് ഞാൻ പൊതുജനങ്ങൾക്കു മുന്നിൽ നിർത്തും. പാവപ്പെട്ടവനും അത്താഴപ്പട്ടിണിക്കാരനും മാത്രമുള്ളതല്ല ഇതെന്നും തറവഴി കാണിക്കുന്ന ഏത് പൊന്നുമോനും കൂടി ഉള്ളതാണെന്നും ജനം അറിയട്ടെ. അങ്ങനെ അവർക്ക് അല്പമെങ്കിലും നീതിബോധം ഉണരട്ടെ..." രാഹുൽ, അരുണാചലത്തിന്റെ പിടിയിൽ നിന്നു കുതറാൻ ഒരു ശ്രമം നടത്തി. പക്ഷേ കഴിഞ്ഞില്ല.
വേലായുധൻ മാസ്റ്റർ ചിരിക്കുന്നത് രാഹുൽ ശ്രദ്ധിച്ചു. അവന് ആകെ പെരുത്തു കയറി.
''നിങ്ങള് ചിരിക്കണ്ട മാസ്റ്ററേ. ഇത് കേരളമാണ്. എന്തു തെമ്മാടിത്തരം കാണിച്ചാലും രാഷ്ട്രീയക്കാർക്ക് ഒരു ചുക്കുമില്ല എന്ന് ഞാൻ ഒരിക്കൽ കൂടി തെളിയിക്കും. എന്റെ കസേരയിൽ കയറി ഞെളിഞ്ഞിരിക്കാമെന്ന് ആരും കരുതണ്ടാ."
മാസ്റ്റർ മറുപടി പറഞ്ഞില്ല. ആ മുഖത്തെ പുഞ്ചിരി മാഞ്ഞുമില്ല.
''നിന്നെ ഈ സ്റ്റീൽ കാപ്പ് അണിയിക്കാൻ എന്നെക്കാൾ യോഗ്യതയുള്ള ഒരാൾ കൂടിയുണ്ട് രാഹുൽ."
പറയുന്നതിനിടയിൽ, രാഹുലിലെ പിടി വിടാതെ അരുണാചലം പിറകോട്ടു തിരിഞ്ഞു. അല്പം ശബ്ദം ഉയർത്തി വിളിച്ചു.
''വിജയാ... "
രാഹുലിന്റെ മുഖം മുറുകി.
സിറ്റൗട്ടിൽ കനത്ത കാലൊച്ച കേട്ടു. പിങ്ക് പോലീസ് എസ്.ഐ വിജയ അകത്തേക്കു കയറിവന്ന് എസ്.പിക്കു മുന്നിൽ അറ്റൻഷനായി.
''ടേക്ക് ഹിം.""
വിലങ്ങ് അവൾക്കു നീട്ടിക്കൊണ്ട് അരുണാചലം ഉത്തരവിട്ടു.
രാഹുലിന്റെ മുഖത്തേക്കു നോട്ടം നട്ടുകൊണ്ട് വിജയ വിലങ്ങ് വാങ്ങി. ശേഷം അത് അവന്റെ കൈയിൽ ഇടാൻ ഭാവിച്ചു.
പെട്ടെന്ന്... അപ്രതീക്ഷിതമായി അത് സംഭവിച്ചു....
[തുടരും]