തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ശബരിമല വിഷയം കത്തിനിന്നപ്പോഴേ, ഇക്കുറി പ്രചാരണത്തിൽ 'വിശ്വാസിപ്രശ്‌നം' മുഖ്യവിഷയങ്ങളിലൊന്നാകുമെന്ന് തീർച്ചയായതാണ്. സ്വാഭാവികമായും ബി.ജെ.പി പല കണക്കും കൂട്ടിക്കിഴിച്ചു. ചിലർ സ്വന്തം നിലയ്‌ക്കും മനക്കണക്കു വച്ചു. പാർട്ടി ജനറൽ സെക്രട്ടറിമാരിൽ ഒരാളായ കെ. സുരേന്ദ്രൻ ശബരിമല പ്രക്ഷോഭ നായകനായപ്പോഴേ ഓർത്തതാണ്, പത്തനംതിട്ടയിൽ സ്ഥാനാർത്ഥിത്വം നോട്ടമുണ്ടെന്ന്. സമരം, അറസ്റ്റ്, ജയിൽവാസം, പരിവർത്തനയാത്ര.... എല്ലാം സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ ശുഭമായി കലാശിക്കേണ്ടതായിരുന്നു. പക്ഷേ, ജാതകദോഷം. പത്തനംതിട്ടയെന്നല്ല, മത്സരിക്കാൻ മണ്ഡലം തന്നെ കിട്ടാത്ത അവസ്ഥ.
മൂന്നു മണ്ഡലങ്ങളാണ് സുരേന്ദ്രൻ നോട്ടമിട്ടത്- സംസ്ഥാനത്ത് പാർട്ടി ഏറ്റവും അധികം പ്രതീക്ഷ വയ്‌ക്കുന്ന തിരുവനന്തപുരം നമ്പർ വൺ. രണ്ടാമത്, പത്തനംതിട്ട, മൂന്നാമത് തൃശൂർ. തലസ്ഥാനത്തേക്ക് കുമ്മനംജി എത്തുന്നതിനു മുമ്പുതന്നെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പത്തനംതിട്ടയ്‌ക്ക് ചരടുവലി തുടങ്ങിയിരുന്നു.
ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട മണ്ഡലത്തിൽ ഇത്തവണത്തെ ബി.ജെ.പി സാദ്ധ്യതകൾ മുന്നിൽക്കണ്ടു തന്നെയായിരുന്നു ആ ചരടുപിടിത്തമെന്ന് വ്യക്തം. പിള്ള പിടിമുറുക്കിയതോടെ, പത്തനംതിട്ടയിൽ നിന്നുള്ള സാദ്ധ്യതാപട്ടികയിൽപ്പോലും സുരേന്ദ്രന്റെ പേര് ഇല്ലെന്നായി. ഒടുവിൽ സമ്മർദ്ദം മുറുകിയതിനു ശേഷമാണ് പേരിനെങ്കിലും പട്ടികയിൽ ഇടംകിട്ടിയത്.
പഴയ സംസ്ഥാന അദ്ധ്യക്ഷനും പുതിയ അദ്ധ്യക്ഷനും കൊള്ളാവുന്ന രണ്ടു മണ്ഡലങ്ങൾ കൊണ്ടുപോയപ്പോൾ കെ.സുരേന്ദ്രനു ബാക്കിയായത് തൃശ്ശിവപേരൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പാർട്ടി പ്രകടനം മോശമല്ല. മത്സരിക്കുന്നത് സുരേന്ദ്രൻ കൂടിയാകുമ്പോൾ പോരാട്ടത്തിന് വീറു കുറയില്ല. അങ്ങനെ കണക്കുകൂട്ടി വരുമ്പോഴാണ്, തൃശൂർ സീറ്റ് ബി.ഡി.ജെ.എസിനു കൊടുത്ത് അവിടെ അവരുടെ അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ ആലോചന വന്നത്. തുഷാറിനെ അമിത് ഷാ ഡൽഹിക്കു വിളിപ്പിച്ചു. തൃശൂരിൽ തുഷാറുമായി ധാരണയായി എന്ന മട്ടിൽ വാർത്തയും വന്നു. തുഷാർ മാത്രം മിണ്ടിയില്ല.
തുഷാർ ഇത്തവണ മത്സരിക്കുന്നതിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തേ അനിഷ്‌ടം വ്യക്തമാക്കിയിരുന്നതാണ്. ഒടുവിൽ, ധാരണയായെന്ന വാർത്ത വന്നപ്പോഴും വെള്ളാപ്പള്ളി രൂക്ഷമായി പ്രതികരിച്ചു: എങ്കിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടു പോകണം! ഇനി, തുഷാർ ഡൽഹിയിൽ നിന്ന് വന്നിട്ടുവേണം ബാക്കി കാര്യം.
തുഷാർ ഇല്ലെന്നു പറഞ്ഞാൽ തൃശൂർ തനിക്കാകുമല്ലോ എന്നോർത്തിരിക്കുമ്പോൾ ദേ, വരുന്നു ഒരു മുന്നറിയിപ്പുമില്ലാതെ ഒരു വടക്കൻ ഭീഷണി. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കു വന്ന ടോം വടക്കന്റെ നോട്ടം തൃശൂരിലെ സ്ഥാനാർത്ഥിത്വം ആണത്രേ.
തൃശൂരിന്റെ കാര്യം പാർട്ടിയിൽ തീരുമാനമാകാതെ നീളുമ്പോൾ വീണ്ടും സുരേന്ദ്രനു തന്നെ അങ്കലാപ്പ്. അതും കൂടി കിട്ടിയില്ലെങ്കിലോ? ഇല്ലെങ്കിൽ ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടിലാണ് തത്‌കാലം സുരേന്ദ്രൻ.