രക്തത്തിലെ അണുബാധ, എലിപ്പനി, വിഷബാധ, അമിതമായ രക്തസ്രാവം, സർപ്പദംശനം, വേദനസംഹാരികൾ തുടങ്ങിയവയാണ് ഇതിനുള്ള കാരണങ്ങൾ. സ്ഥായിയായ വൃക്കസ്തംഭനം എന്നത് നീണ്ട കാലയളവിൽ ക്രമേണയായി ഉണ്ടാകുന്ന രോഗാവസ്ഥയാണ്. പ്രമേഹം, രക്താതിസമ്മർദ്ദം എന്നിവയാണ് 70 ശതമാനത്തിലധികം സ്ഥായിയായ വൃക്കസ്തംഭനവും ഉണ്ടാക്കുന്നത്. വൃക്കവീക്കം, മൂത്രനാളികളിലുണ്ടാകുന്ന കല്ലുകൾ മുതലായ തടസങ്ങൾ, പാരമ്പര്യരോഗങ്ങൾ, ചിലതരം മരുന്നുകൾ എന്നിവ ചേർന്ന് ബാക്കി 30 ശതമാനം സ്ഥായിയായ വൃക്കരോഗം ഉണ്ടാകുന്നു.
ലക്ഷണങ്ങൾ
വൃക്കരോഗങ്ങൾ പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത് അവസാന ഘട്ടത്തിലാണ്. പ്രാഥമിക ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് ഇതിനുകാരണം. കാലുകളിലും മുഖത്തും കാണുന്ന നീരാണ് ഏറ്റവും സാധാരണ ലക്ഷണം. മൂത്രമൊഴിക്കുമ്പോൾ പതഞ്ഞുവരുന്നത് മൂത്രത്തിൽക്കൂടി പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്.
രാത്രിയിൽ കൂടുതൽ മൂത്രമൊഴിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന് രക്തനിറം വരുക എന്നിവയും രോഗലക്ഷണങ്ങളാണ്. ചില വൃക്ക രോഗങ്ങൾക്ക് രക്തസമ്മർദ്ദം വളരെ ഉയർന്ന് കാണപ്പെടുന്നു. അന്തിമഘട്ടത്തിൽ ക്ഷീണം, കിതപ്പ്, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, ശരീരം മുഴുവൻ നീര് വരിക, ശ്വാസം മുട്ടുണ്ടാകുക, ശരീരമാകമാനം ചൊറിച്ചിൽ ഉണ്ടാകുക തുടങ്ങിയവ കാണപ്പെടുന്നു.
പരിശോധനകൾ
വൃക്കരോഗത്തിന്റെ പ്രാഥമിക പരിശോധനകൾ ചെലവ് കുറഞ്ഞതും എല്ലായിടത്തും ലഭ്യവുമാണ്. രക്തത്തിലെ ക്രിയാറ്റിൻ, യൂറിയ എന്നിവയുടെ അളവ് കൂടിയിരിക്കും.
(തുടരും)
ഡോ. വിഷ്ണു. ആർ.എസ്.
കൺസൽട്ടന്റ് നെഫ്രോളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം
ഫോൺ: 9562973981