ഭക്ഷണത്തിന്റെ ‘ഉസ്താദ്’ ഹോട്ടലുകളുള്ള നാടാണ് കോഴിക്കോട്. ഇവിടത്തെ രുചിപ്പെരുമ കേളികേട്ടതാണ്. ഇളനീർരുചിയുള്ള ഹൽവയും ദം പൊട്ടിവീഴുന്ന കോഴിക്കോടൻ ബിരിയാണിയ്ക്കും ഇഷ്ടക്കാർ ഏറെയാണ്. ഭക്ഷണത്തിന്റെ രുചിയെപോലെ തന്നെ പ്രധാനമാണ് അത് വിളമ്പുന്ന കൈകളും. മധുരമില്ലാത്ത ഒരു ചായ പോലും സ്നേഹത്തോടെയുള്ള ഒരാളുടെ കൈകളിലൂടെയാണ് എത്തുന്നതെങ്കിൽ അതിന്റെ രുചി പറഞ്ഞറിയിക്കാനാവില്ല.
അങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒരു അടിപൊളി സുലൈമാനി അടിക്കണേൽ നേരെ കോഴിക്കോടൻ കടപ്പുറത്തേക്ക് വിട്ടോളു. അവിടെ നിങ്ങളെ കാത്ത് ഒരു കൊച്ചു കടയും കുറച്ച് കൂട്ടുകാരും കാത്തിരിപ്പുണ്ട്. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ നിന്നും തഴയപ്പെടലിൽ നിന്നുമെല്ലാം പ്രിയപ്പെട്ട ചിലരുടെ കൈപിടിച്ച് കെട്ടിപ്പൊക്കിയ ഇക്കായീസ് എന്ന കടയും കുറച്ചു കൂട്ടുകാരുമാണത്.
ഓട്ടിസം, ഡൗൺ സിൻഡ്രോം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ്, ഇക്കായീസിൽ അതിഥികളെ വരവേൽക്കുന്നതും, ചായയും ചെറുകടികളും വിളമ്പുന്നതുമെല്ലാം. ഇത്തരത്തിലുള്ള ചെറുപ്പക്കാരെ സമൂഹത്തിൽ അകത്തി നിർത്താതെ മുൻ നിരയിലേക്ക് കൊണ്ടുവരണമെന്ന ലക്ഷ്യവുമായാണ് സംരംഭം തുടങ്ങിയിരിക്കുന്നതെന്ന് കടയുടമകൾ പറയുന്നു.
നടനും സംവിധായകനുമായ സാജിദ് യഹിയ ഇൻസ്റ്റഗ്രാമിലൂടെ ഒരു കുറിപ്പ് പങ്കുവച്ചതിനെ തുടർന്നാണ് ഇക്കായീസ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലിരിക്കാമെന്ന് സാജിദ് യഹിയ പറയുന്നു.