പൂവാർ: ഗ്രേസി വയലിന്റെ പിറവിക്ക് പിന്നിലുള്ളത് സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രം. വയലിൻ നിർമ്മാണരംഗത്ത് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച കാഞ്ഞിരംകുളം, തടത്തിക്കുളം ഓമൽ ഭവനിൽ ഐ.ടി. എഡ്വിൻ തന്റെ പതിനഞ്ചാം വയസിൽ തുടങ്ങിയ നിർമ്മാണം 72ാം വയസിലും തുടരുകയാണ്. ഇതിനിടെ നൂറ് കണക്കിന് ഗ്രേസിവയലിനുകളാണ് ജന്മമെടുത്തത്. ഊട്ടി, ദിണ്ടുക്കൽ എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്ന പൈൻമരത്തിന്റെ തടിയിലാണ് വയലിന്റെ ബോഡി നിർമ്മിക്കുന്നത്. കുമ്പിൾ മരത്തിന്റെ തടി ഉപയോഗിച്ചാണ് ഇതിന്റെ ഹാൻഡിൽ നിർമ്മാണം. ബോയും ഫിംഗർ ബോർഡും ഈട്ടിത്തടിയിലും. വീടിനോട് ചേർന്നുള്ള വർക്ക് ഷോപ്പിൽ ഇവയെല്ലാം വാങ്ങി സൂക്ഷിക്കും. സമയം കിട്ടുമ്പോഴെല്ലാം പണിയിൽ മുഴുകാറാണ് പതിവ്.
10 ദിവസം പണിപ്പെട്ടാണ് തന്റെ ആദ്യ വയലിൻ നിർമ്മിച്ചതെന്ന് എഡ്വിൻ പറയുന്നു.
ഗ്രേസി വയലിനുകൾക്ക് വിപണിയിൽ ആറായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് വിലവരും.
അമ്മ ഗ്രേസമ്മയുടെ സംഗീതാഭിരുചിയാണ് വയലിൻ പഠിക്കാൻ പ്രചോദനമായത്. കാഞ്ഞിരംകുളം പി.കെ.എസിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാർ ഇവാനിയേഴ്സ് കോളേജിൽ നിന്നും ഡിഗ്രി നേടിയ എഡ്വിൻ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനായി. ശ്രീചിത്രാമെഡിക്കൽ സെന്ററിൽ നിന്ന് അഡ്മിനിസ്ട്രേറ്ററായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. ഇക്കാലയളവിലെല്ലാം വയലിൻ നിർമ്മാണവും തന്റെ ജീവിതത്തോടൊപ്പം ചേർത്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത പ്രേമികൾ ഗ്രേസി വയലിനുകളെ അന്വേഷിച്ച് എത്താറുണ്ട്. എഡ്വിന്റെ ഭാര്യ ജെ. ഓമന റിട്ടേർഡ് ടീച്ചറാണ്. മക്കളായ ഡോ. ബോബി. ടി.എഡ്വിൻ കോളേജ് അദ്ധ്യാപകനും, ഡോ.ബിബി.ടി. എഡ്വിൻ ശ്രീ ചിത്രമെഡിക്കൽ സെന്ററിലെ റിസർച്ച് അസോസിയേറ്റുമാണ്.