ന്യൂഡൽഹി: ലോക്‌സഭാ സീറ്റിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോൽവി ഏറ്റുവാങ്ങുന്നത് എൽ.ഡി.എഫിന്റെ ശൈലിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിനു മുമ്പായി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, മാണിയുമായി ഇടഞ്ഞു നിൽക്കുന്ന പി.ജെ. ജോസഫിന് കോൺഗ്രസ് സീറ്റു നൽകുമെന്ന വാർത്ത നേതാക്കൾ നിഷേധിച്ചു. എല്ലാ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നാണ് തീരുമാനം. ഹൈക്കമാന്റിന്റെ നിർദേശവും ഇതു തന്നെയാണെന്നാണ് സൂചന. കെ.സി.വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവർ മത്സരിക്കുന്ന കാര്യം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.