ഭൂമിയിലേക്ക് വന്നപോലെ തിരിച്ചുപോകാനാകുമോ? എന്നാൽ അന്ത്യയാത്ര വന്നപോലെ തന്നെയാവണമെന്ന വിശ്വാസക്കാരാണ് ഫിലിപ്പൈൻസിലെ സഗാടയിലുള്ള ഇഗൊരൊറ്റ് ഗോത്ര വർഗക്കാർ. അവരുടെ ശവസംസ്കാര രീതി തന്നെ വിചിത്രമാണ്.
മണ്ണിൽ മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ഒന്നുമല്ല, പെട്ടിയിലാക്കി പർവതച്ചെരുവുകളിൽ തൂക്കിയിടുകയാണ് ചെയ്യുന്നത്. ഇന്തോനേഷ്യയിലും ചൈനയിലും ചില ഗോത്രക്കാർക്കിടയിൽ ഇത്തരം രീതികളുണ്ട്. ഇവരുടെ പഴയകാല പെട്ടികൾ നീളം കുറഞ്ഞതും ഒറ്റത്തടിയിൽ നിർമ്മിച്ചതുമാണ്. കുട്ടികളുടെ മൃതദേഹങ്ങളാണിവയെന്ന് കരുതിയാൽ തെറ്റി. പെട്ടി നീളം കുറയാനുള്ള കാരണം മനുഷ്യൻ ഗർഭപാത്രത്തിൽ കിടക്കുന്ന പോലെയാണ് പെട്ടിക്കുള്ളിൽ മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നതെന്നതാണ്.
ഭൂമിയിലേക്ക് എങ്ങനെ വന്നോ അതുപോലെ മടക്കം എന്നാണ് ഉദ്ദേശിക്കുന്നത്. ശവപ്പെട്ടികൾ എത്രത്തോളം ഉയരത്തിൽ സ്ഥാപിക്കുന്നുവോ അത്രത്തോളം വേഗത്തിൽ പരേതാത്മാക്കളുടെ അടുത്തേക്ക് പോകാനും സാധിക്കുമത്രെ! പക്ഷേ, ഒരു നിബന്ധന. വിവാഹം കഴിച്ച് കുട്ടികളും പേരക്കുട്ടികളും ആയവർക്ക് മാത്രമേ ഈ രീതിയിൽ സംസ്കാരം നടത്താൻ അവകാശമുള്ളൂ.