ന്യൂഡൽഹി: പാകിസ്ഥാനിൽ കഴിയുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ച ഫ്രാൻസ് അയാളുടെ സ്വത്തുക്കൾ മരവിപ്പിച്ചു. യൂറോപ്യൻ യൂണിയന്റെ ഭീകര ലിസ്‌റ്റിൽ മസൂദിനെ ഉൾപ്പെടുത്താനും ഫ്രാൻസ് നീക്കം തുടങ്ങി.
ഇതോടെ ഫ്രാൻസിൽ മസൂദിന്റെ സാമ്പത്തിക ഇടപാടുകൾ മരവിക്കും. മസൂദിനും അയാളുടെ അടുത്ത കൂട്ടാളികൾക്കും ഫ്രാൻസിൽ യാത്രാനുമതിയും നിഷേധിക്കപ്പെടും.
മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ അമേരിക്കയ്‌ക്കും ബ്രിട്ടനുമൊപ്പം ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയം കഴിഞ്ഞ ദിവസം ചൈന താത്കാലികമായി വീറ്റോ ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് കൊടുംഭീകരനെതിരെ ഫ്രാൻസ് സ്വന്തം നിലയിൽ കടുത്ത നടപടികൾ തുടങ്ങിയത്.
ഫ്രാൻസിലെ സാമ്പത്തിക നിയമങ്ങൾ പ്രകാരം മസൂദിന് അവിടെയുള്ള സ്വത്തുക്കൾ മരവിപ്പിക്കുന്നതായി ആഭ്യന്തര, വിദേശ, ധനമന്ത്രാലയങ്ങൾ സംയുക്തമായി ഉത്തരവിട്ടതായി ഫ്രഞ്ച് ഗവൺമെന്റിന്റെ ഒൗദ്യോഗിക അറിയിപ്പിൽ പറയുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം മസൂദിന്റെ ഭീകരഗ്രൂപ്പായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്ത വിവരം പരാമർശിക്കുന്ന ഈ അറിയിപ്പ് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌തു. ഇതിൽ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുമുണ്ട്. ഭീകരപ്രവർത്തകരുടെയും ഭീകര സംഘടനകളുടെയും യൂറോപ്യൻ യൂണിയൻ ലിസ്റ്റിൽ മസൂദ് അസറിനെയും ഉൾപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ഫ്രാൻസിന്റെ നീക്കം, ഭീകരർക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാനു മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കും.
ലോകം ഇന്ത്യയ്‌ക്കൊപ്പം: സുഷമ
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവനുമായ മസൂദ് അസറിനെതിരെ നടപടികൾ എടുക്കുന്നതിൽ രാജ്യാന്തര സമൂഹം ഇന്ത്യയ്ക്കൊപ്പമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ നൽകി. മസൂദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അവതരിപ്പിച്ച പ്രമേയത്തിന് യു.എൻ രക്ഷാസമിതിയിലെ 15 അംഗരാഷ്‌ട്രങ്ങളിൽ 14 രാജ്യങ്ങളും പിന്തുണ നൽകി. യു.പി.എ ഭരണകാലത്ത് ഇക്കാര്യത്തിൽ ഇന്ത്യ ഒറ്റയ്‌ക്കായിരുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.