pinarayi-vijayan

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യു.ഡി.എഫിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എസ്‍.ഡി.പി.ഐ നേതാക്കളുമായി ഇ.ടി മുഹമ്മദ് ബഷീറടക്കമുള്ള ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചർച്ചക്കെതിരെ പ്രതികരിക്കവേയാണ് അദ്ദേഹം യു‍.ഡി.എഫിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

ലീഗ്-എസ്.ഡി.പി ഐ ധാരണ മുൻ തിരഞ്ഞെടുപ്പുകളിലും ഉണ്ടായിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ ലീഗ് ഇവർക്ക് സഹായം നൽകിയിരുന്നു. അക്കാലത്ത് ഭരണ പങ്കാളിത്തം ഉണ്ടായിരുന്നതിനാൽ ലീഗ് എസ്.ഡി.പി.ഐയുടെ പേരിലുള്ള പ്രധാനപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ആർ.എസ്.എസിന് ബദലായി എസ്.ഡി.പി.ഐ പ്രവർത്തിച്ചപ്പോഴാണ് ലീഗ് അവരിൽ നിന്ന് വിട്ടു നിന്നതെന്ന തോന്നലുണ്ടാക്കിയത്.

ഇവരുടെ ധാരണയെ കുറിച്ച് ചോദിച്ചാൽ പരസ്യമായി നിഷേധിക്കുകയാണ് പതിവ്. എന്നാൽ ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി അറിയാം. ഇക്കാലത്ത് എല്ലായിടത്തും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഇവരുടെ ഒത്തുകൂടൽ ഒരു രേഖയായിമാറിയെന്നും അത് കൈയ്യോടെ പിടികൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ച നടത്തിയിട്ടില്ലെന്ന് അവർ പറയുന്നുണ്ട് പിന്നെന്തിനാണ് എല്ലാവരും ഒരുമുറിയിൽ ഒത്തുകൂടിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പ് ധാരണക്കായാണ് ഇവർ ഒന്നിച്ച് ചർച്ച നടത്തിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെങ്കിൽ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചേ മതിയാവൂ,​ അത് ന്യൂനപക്ഷത്തിന്റയോ ഭൂരിപക്ഷത്തിന്റെയോ വർഗീയതയായാലും ശരി. നാല് വോട്ടിന് വേണ്ടി വർഗീയതയെ പ്രീണിപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ യു.ഡി.എഫ് ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് അതാണ്. അതിന്റെ ഭാഗമായാണ് ടോം വടക്കനെ പോലുള്ളവർ ബി.ജെ.പിയിലേക്ക് പോകുന്നത്. ഇത്രയേറെ അനുഭവങ്ങൾ കിട്ടിയിട്ടും പഠിക്കുന്നില്ല എന്നതാണ് യു.ഡി.എഫിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.