ലോകത്തെ ഒന്നാംനമ്പർ ബ്രാൻഡാകുക മലബാർ ഗോൾഡിന്റെ ലക്ഷ്യം
കൊച്ചി: വാണിജ്യ മേഖലയോടുള്ള നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം മാറണമെന്നും നികുതിവെട്ടിപ്പ് തടയാൻ സർക്കാരും വകുപ്പുകളും നടപടിയെടുക്കണമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കൊച്ചിയിൽ വ്യാവസായിക സമ്മിറ്രിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിംഗപ്പൂർ ഉൾപ്പെടെ വികസിത രാജ്യങ്ങളിലെപ്പോലെ, 'റെഗുലേറ്റർ" എന്ന വേഷമുപേക്ഷിച്ച്, സർക്കാരും ഉദ്യോഗസ്ഥരും 'ഫെസിലിറ്രേറ്റർ" എന്ന വേഷത്തിലേക്ക് മാറണം. നികുതിവെട്ടിപ്പ് ഏറ്റവുമധികം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയർന്ന നികുതിനിരക്കും നികുതിയെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതുമാണ് ഇതിനു കാരണം. നികുതിദായകരോടുള്ള ഉദ്യോഗസ്ഥരുടെ സമീപനവും ഒരു കാരണമാണ്. നിലവിലെ സ്ഥിതി മാറണമെങ്കിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം. ഇ-മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ നികുതി വെട്ടിപ്പ് തടയാനാകും. 700 ചതുരശ്ര അടി മാത്രള്ള ഒരു സ്ഥാപനത്തിൽ നിന്ന് 25 വർഷംകൊണ്ട്, പത്തു രാജ്യങ്ങളിലായി 250ലേറെ ഷോറൂമുകളുള്ള സ്ഥാപനമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് വളർന്നത് ഗുണമേന്മയിൽ വിട്ടുവീഴ്‌ച ചെയ്യാത്തതിനാലും ശക്തമായ ബ്രാൻഡ് വളർത്തിയെടുക്കാൻ കഴിഞ്ഞതുകൊണ്ടുമാണ്. ലോകത്തിലെ ഒന്നാംനമ്പർ ബ്രാൻഡാകുകയാണ് മലബാർ ഗോൾഡിന്റെ ലക്ഷ്യം. അഞ്ചുവർഷത്തിനകം 20 രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണത്തിന്റെ വാറ്റ് കുടിശിക:
തത്‌സ്ഥിതി തുടരണമെന്ന്
ഹൈക്കോടതി
സ്വർണ വ്യാപാരികൾക്കെതിരെ വാറ്ര് കുടിശികയുടെ പേരിൽ സർക്കാരെടുക്കുന്ന നടപടികൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സ്‌റ്രേ. നേരത്തേയും സ്‌റ്രേ ഉണ്ടായിരുന്നെങ്കിലും പ്രളയത്തിന്റെ പശ്‌ചാത്തലത്തിൽ സിംഗിൾബെഞ്ച് സർക്കാരിന് അനുകൂലമായി വിധി പ്രസ്‌താവിച്ചിരുന്നു. ഇതിനെതിരെ, പത്തനംതിട്ട ഷീൻ ഗോൾഡ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഈമാസം 22വരെ തത്‌സ്ഥിതി തുടരാൻ ഡിവിഷൻ ബെഞ്ച് വിധിച്ചത്.
200 കോടി രൂപയിൽ താഴെയുള്ള ബാദ്ധ്യത 2,000 കോടി രൂപയായി അടയ്‌ക്കണമെന്ന നോട്ടീസാണ് വ്യാപാരികൾക്ക് സർക്കാരിൽ നിന്ന് കിട്ടുന്നത്. ഇതിനെതിരെയാണ് വ്യാപാരികൾ കോടതിയെ സമീപിച്ചത്. സർക്കാരിന്റെ കണക്കുകൾ യാഥാർത്ഥ്യ ബോധത്തോടെയല്ലെന്ന് കേരള ജുവലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി കോ-ഓർഡിനേറ്റർ എസ്. അബ്‌ദുൽ നാസർ പറഞ്ഞു. ഊതി വീർപ്പിക്കപ്പെട്ട അനുമാനക്കണക്കാണ് വ്യാപാരികൾക്കുമേൽ അടിച്ചേല്‌പ്പിക്കുന്നത്. യഥാർത്ഥ കണക്കനുസരിച്ച് 200 കോടി രൂപയിൽ താഴെയെ കുടിശിക വരൂ. സർക്കാർ പ്രഖ്യാപിച്ച ആംനസ്‌റ്റി (ഒറ്റത്തവണ മാപ്പാക്കൽ പദ്ധതി) വ്യാപാരികളെ സഹായിക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.