ysr-

അമരാവതി: ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻമന്ത്രിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് വിവേകാനന്ദ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.

മുറിയിലും കുളിമുറിയിലും രക്തക്കറകൾ കണ്ടെത്തിയതിനെ തുടർന്ന് വിവേകാനന്ദ റെഡ്ഡിയുടെ പേഴ്സണൽ അസിസ്റ്റന്റ് എം.വി. കൃഷ്ണ റെഡ്ഡി പുലിവെൻഡുല പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. റെഡ്ഡിയുടെ സഹായി രാവിലെ വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി .68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.

വിവേകാനന്ദ റെഡ്ഡി മാത്രമായിരുന്നു വീട്ടിൽ താമസം. കടപ്പയിൽ നിന്ന് രണ്ട് തവണ എം.പി ആയ വിവേകാനന്ദ റെഡ്ഡിയെ ഇത്തവണ മണ്ഡലത്തിൽ വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 1989ലും 1994ലുമാണ് പുലിവെൻഡുലയിൽ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.