കോഴിക്കോട്: രണ്ടാം മാറാട് കലാപത്തിൽ കോടതി ശിക്ഷിച്ചയാളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ (45) മൃതദേഹമാണ് കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ വെള്ളയിൽ കടപ്പുറത്തിന് സമീപം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് പിറക് വശത്തായി മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ജാമ്യത്തിലിറങ്ങിയ ഇല്യാസ് മാറാട് രണ്ടാം കലാപ കേസിലെ 33ാം പ്രതിയാണ്. കോടതി പന്ത്രണ്ട് വർഷത്തേക്ക് ശിക്ഷിച്ച ഇയാൾ സുപ്രീംകോടതിയിൽ നിന്ന് പരോൾ കിട്ടിയ ശേഷം നാല് വർഷമായി നാട്ടിൽ കഴിയുകയായിരുന്നു.

2017ൽ കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ ക്രൈം ബ്രാഞ്ചിന്റെ കേസ് ഡയറിയിൽ പരാമർശിക്കുന്ന മുഴുവൻ പേരെയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇല്യാസിനെയും ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ഇല്യാസ് അസ്വസ്ഥനായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം രണ്ട് ദിവസമായി ഇല്യാസിനെ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളയിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ട്.

മത്സ്യത്തൊഴിലാളിയായ ഇയാൾ ഇപ്പോൾ വെള്ളയിൽ പണിക്കർ റോഡിലാണ് താമസിക്കുന്നത്. അച്ഛൻ: മൊയ്തീൻ കോയ, ഭാര്യ: ഷറീന, മക്കൾ: ഷാക്കിർ, ഷാമിൽ, ആയിഷ, റിഫ.