ലണ്ടൻ: അഭ്യൂഹങ്ങൾ ഒടുവിൽ സത്യമായി. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരായ വില്യം രാജകുമാരനും സഹോദരൻ ഹാരി രാജകുമാരനും വേർപിരിയുകയാണെന്ന് ബക്കിങ്‍ഹാം കൊട്ടാരം സ്ഥിരീകരിച്ചു. ഹോളിവുഡ് താരം മെഗൻ മെർക്കൽ കൊട്ടാരത്തിലെ മരുമകളായെത്തിയതിനു പിന്നാലെയാണ് സഹോദരങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ തുടങ്ങിയതെന്നാണ് പാപ്പരാസികൾ പറയുന്നത്.
രാജകുടുംബത്തിലെ പുതിയ തലമുറക്കാരായ ഹാരി- മെഗൻ ദമ്പതികളും വില്യം -കേറ്റ് ദമ്പതികളും കൊട്ടാരത്തിൽ കെൻസിങ്ടൺ കൊട്ടാരത്തിൽ ഒരുമിച്ചായിരുന്നു താമസം. ഓഫീസ് പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നു. ഇവയെല്ലാം അവസാനിപ്പിച്ച് മെഗന്റെ കൈയും പിടിച്ച് ഹാരി ഉടൻ കെൻസിങ്ടണിന്റെ പടിയിറങ്ങും. ഇരുവരും സ്വതന്ത്ര വീടുകളുടെ ചുമതല ഏറ്റെടുക്കും. സഹോദരങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് എലിസബത്ത് രാജ്ഞി വെവ്വേറെ താമസിക്കാൻ ഇരുദമ്പതികൾക്കും അനുമതി കൊടുത്തത്. കൊട്ടാരത്തിലെ മരുമക്കളായ മെഗനും കേറ്റും തന്നെയാണ് ഈ വേർപിരിയലിനു പിന്നിലെന്നാണ് പിന്നിലെന്നാണ് സംസാരം.
ഹാരിയും മെഗനും ഇനി ബക്കിങ്‌ഹാമിലെ ഫ്രോഗ്‌മോർ കോട്ടേജിലായിരിക്കും താമസിക്കുക. നിറഗർഭിണിയായ മെഗൻ മെർക്കൽ വരുന്ന വസന്തത്തിൽ കുഞ്ഞിന് ജന്മം നൽകും.