ksrtc-

തിരുവനന്തപുരം: ബസുകളിലെ സർക്കാർ പരസ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാതെ കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സിയുടെ അയ്യായിരം ബസുകളിലാണ് സംസ്ഥാന സർക്കാർ ആയിരം ദിവസം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ‘ഒന്നാണ് നാം ഒന്നാമതാണ് കേരളം’ എന്ന തലക്കെട്ടിൽ പരസ്യം നൽകിയിരുന്നത്. കഴിഞ്ഞ മാസം 16 മുതലായിരുന്നു പരസ്യം സ്ഥാപിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം പാലിക്കാൻ 24 മണിക്കൂറിനുള്ളിൽ പരസ്യം നീക്കംചെയ്യണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉത്തരവിട്ടിരുന്നു.

എന്നാൽ ഭൂരിഭാഗം ബസുകളിലും പരസ്യം നീക്കം ചെയ്തിട്ടില്ല. പരസ്യം നീക്കം ചെയ്തില്ലെങ്കിൽ കർശന നടപടിയെടുക്കാൻ ജില്ലാകളക്ടർമാർക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.


സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ലോക്കൽ മുതൽ സൂപ്പർ ഫാസ്റ്റുവരെയുള്ള ബസുകളിലാണ് പരസ്യം പതിച്ചത്. ‘പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു, ഇനി നവകേരള നിർമ്മാണം’ എന്ന വാചകത്തോടൊപ്പം ഓരോ വകുപ്പിന്റെയും ശ്രദ്ധേയമായ പദ്ധതികളുടെ വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു.