കൊല്ലം: ഏത് ഇലക്ടറൽ ഓഫിസർ നിർദ്ദേശിച്ചാലും ശബരിമല വിഷയത്തിൽ പറയേണ്ടത് പറയുമെന്ന് കൊല്ലത്ത് യു.ഡി.എഫ് പാർലമെന്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു.
ഒരു സർക്കാർ കോടതിവിധി എങ്ങനെ ദുരുപയോഗപ്പെടുത്തിയെന്നത് തിരഞ്ഞെടുപ്പിൽ ചർച്ചയാകണം. നേരത്തെ യുവതികളെ ആൺ വേഷം കെട്ടി ശബരിമലയിൽ കയറ്റി. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ നട തുറന്നപ്പോൾ ദർശനത്തിനെത്തിയ യുവതികളോട് 'പ്ലീസ് കയറരുത്" എന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു.
ബൂത്ത് ഏതാണ്, മണ്ഡലം ഏതാണ് എന്ന് അറിയാത്ത ഏതോ ഒരു വക്താവുണ്ടായിരുന്നുവെന്നാണ് ടോം വടക്കനെ പരിഹസിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞത്. അങ്ങനെ ഒന്നോ രണ്ടോ പേർ പോയതാണോ വലിയ കാര്യം. മലയാള ഭാഷയെ കൊല്ലരുതെന്ന് സുകുമാർ അഴീക്കോട് പറഞ്ഞത് ടോം വടക്കനെ ഉദ്ദേശിച്ചാണ്. അദ്ദേഹം മലയാളമാണോ ഇംഗ്ലീഷ് ആണോ സംസാരിക്കുന്നതെന്ന് ആർക്കും വ്യക്തമല്ല. ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ബി.ജെ.പിയിൽ ചേർന്നത്. മൂന്നു തവണ സീറ്റിനായി വന്നപ്പോഴും പടിക്കു പുറത്താക്കി. സീറ്റ് മോഹത്താലാണ് ഇപ്പോൾ പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ശബ്ദം പോയെന്നും മുരളീധരൻ പറഞ്ഞു.