bangladesh-cricket-team

ക്രൈസ്റ്ര് ചർച്ച്: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്ലീം പള്ളികളിൽ നടന്ന വെടിവെയ്പ്പിൽ നിന്ന് ബംഗ്ലാദേശ് താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദ് അൽ നൂറിലും ലിൻവുഡ് ഇസ്ലാമിക് സെന്ററിലുമായി നടന്ന വെടിവെപ്പിൽ നല്പത്തൊമ്പതോളം പേരാണ് മരിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് വരുന്നതിന് തൊട്ടുമുമ്പാണ് വെടവെപ്പുണ്ടായത്. വെടിവെപ്പ് നടക്കുമ്പോൾ ബംഗ്ലാദേശ് ടീം അംഗങ്ങളുമായെത്തിയ ബസ് പള്ളിക്ക് പുറത്തെത്തിയിരുന്നു. വെടിയൊച്ചകേട്ട് പരിഭ്രാന്തരായ തങ്ങൾ ബസിനകത്ത് ചെവി പൊത്തിയിരിക്കുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ടീമിന്റെ ഒരു ഒഫീഷ്യൽ പറഞ്ഞു. മൂന്നോ നാലോ മിനിറ്റ് നേരത്തേയെത്തിയിരുന്നെങ്കിൽ തങ്ങളും ആക്രമിക്കപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ടീമിലെ കളിക്കാരും ഒഫീഷ്യൽസുമുൾപ്പെടെ 17ഓളം പേർ ബസിലുണ്ടായിരുന്നു. തങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും എല്ലാവരും തങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും ബംഗ്ലാദേശ് ഓപ്പണർ തമിം ഇക്‌ബാൽ ട്വീറ്ര് ചെയ്തു. ലിറ്റൺദാസും നയീം ഹസനും സ്പിൻ ബൗളിംഗ് കോച്ചും മുൻ ഇന്ത്യൻ താരവുമായ സുനിൽ ജോഷിയുമൊഴികെയുള്ളവർ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം.

മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ച്

വെടിവയ്പ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് ക്രൈസ്റ്ര് ചർച്ചിൽ തുടങ്ങാനിരുന്ന മൂന്നാം ടെസ്റ്ര് ഉപേക്ഷിച്ചു. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ന്യൂസിലൻഡ് നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.