കൊച്ചി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങൾക്ക് നൽകിയിരുന്ന നികുതിയിളവ് ഒഴിവാക്കിയ അമേരിക്കയുടെ നടപടി സമുദ്രോത്‌പന്ന കയറ്റുമതിയെ ബാധിക്കില്ലെന്ന് സമുദ്രോത്‌പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്‌പന്നങ്ങൾ നികുതിയിളവ് ലഭിക്കുന്ന ജനറലൈസ്‌ഡ് സിസ്‌റ്രം ഒഫ് പ്രിഫറൻസ് (ജി.എസ്.പി) വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു.
മൊത്തം 2,300 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയ്ക്ക് അമേരിക്കയിലുള്ളത്. ശീതീകരിച്ച ചെമ്മീൻ, ഞണ്ട് എന്നിവയാണ് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന സമുദ്രോത്‌പന്നങ്ങൾ. ഇവ ജി.എസ്.പിയുടെ പരിധിയിൽ വരുന്നതല്ല. 2017-18വർഷം 708 കോടി ഡോളർ മൂല്യമുള്ള 13.77 ലക്ഷം ടൺ സമുദ്രോത്‌പന്നം ഇന്ത്യ കയറ്റുമതി ചെയ്‌തു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ ആകെ കയറ്രുമതി ചെയ്‌തത് 45.65 ലക്ഷം ടൺ ചെമ്മീനാണ്. ഇതിൽ, 2.25 ലക്ഷം ടണ്ണും ഏറ്രവും വലിയ വിപണിയായ അമേരിക്കയിലേക്ക് ആയിരുന്നു. ഇന്ത്യയിൽ നിന്നുള്ള വമാനി ചെമ്മീൻ കയറ്റുമതിയുടെ 53 ശതമാനവും അമേരിക്കയിലേക്കാണ്.
ജെം ആൻഡ് ജുവലറി, ലെതർ, സംസ്‌കരിച്ച ഭക്ഷ്യോത്‌പന്നങ്ങൾ എന്നിവ ജി.എസ്.പിയിൽ വരുന്നുണ്ട്. നികുതിയിളവ് നീക്കിയ നടപടി, ഇവയ്‌ക്ക് 2-3 ശതമാനം വരുമാന നഷ്‌ടമുണ്ടാക്കാനിടയാക്കും.