ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യ പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ഏപ്രിൽ 11ന് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് നിശ്ചയിക്കുക. അതേസമയം പ്രചരണത്തിൽ പിന്നിലാകുന്നത് തടയാൻ കേരളത്തിന്റെ പട്ടികയിലും ചർച്ച നടക്കുമെന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാന, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളിലേക്കും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡീഷ, ആസാം സംസ്ഥാനങ്ങളിലെ ചില സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.