ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ബലാകോട്ട് വ്യോമാക്രമണത്തെ ഉറ്റുനോക്കുന്ന സമയത്ത് മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സെെന്യം മറ്റൊരു സംയുക്ത ആക്രമണത്തിലായിരുന്നു. ചെെനയുടെ പിന്തുണയോടെ മിസോറം അരുണാചൽ അതിർത്തികളിൽ നിരന്തരമായി ഭീകരാക്രമണം നടത്തിക്കൊണ്ടിരുന്ന കലാപകാരികൾക്കെതിരെയാരുന്നു ഇന്ത്യൻ മ്യാൻമർ സേനകളുടെ സംയുക്ത ആക്രമണം.
ഫെബ്രവരി 17 മുതൽ മാർച്ച് 2 വരെ നടന്ന ശക്തമായ ഒാപ്പറേഷനിലൂടെയാണ് ഭീകരരെ സെെന്യം തുരത്തിയത്. രാജ്യം മുഴുവൻ പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിലിരിക്കെയാണ് സെെന്യം നിശബ്ദമായി ആക്രമണം നടത്തിയത്. കൊൽക്കത്ത തുറമുഖത്തെയും മ്യാൻമറിലെ സിത്ത്‌വെ തുറമുഖത്തെയും ബന്ധിപ്പിച്ച് കൊണ്ടുള്ള കലദൻ ഗതാഗത പദ്ധതിക്ക് നേരെ ഭീകരരുടെ ഭീഷണി നിലനിന്നിരുന്നു.
ചെെനയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന അരക്കൻ ആർമി എന്ന സംഘടനയാണ് ഭീഷണി മുഴക്കിയിരുന്നത്. മ്യാൻമറിൽ സജീവമായി പ്രവർത്തിക്കുന്ന ബുദ്ധിസ്റ്ര് കലാപകാരികളുടെ സംഘടനയാണ് അരക്കൻ ആർമി. ഇന്ത്യൻ സൈന്യത്തിലെ സ്‌പെഷ്യൽ ഫോഴ്‌സസും അസം റൈഫിൾസും മറ്റ് സൈനിക ഗ്രൂപ്പുകളും ആക്രമണത്തിൽ പങ്കെടുത്തു. ഹെലികോപ്ടറുകളും ഡ്രോണുകളും ആക്രമണത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
ഭീകകരർക്കൊപ്പം നിരവധി നാഗാ തീവ്രവാദികളും സെെന്യത്തിന്റെ പിടിയിലായെന്നാണ് റിപ്പോർട്ട്.