തിരുവനന്തപുരം: ദേശീയതലത്തിൽ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ 28-ാമത് അരവിന്ദൻ പുരസ്‌കാരം സക്കറിയയ്ക്ക് (സുഡാനി ഫ്രം നൈജീരിയ) സമ്മാനിച്ചു. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ നടന്ന ചടങ്ങിൽ മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്. ചലച്ചിത്ര ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി.രാജ്‌മോഹൻ അദ്ധ്യക്ഷനായിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. സിനിമയെന്ന മാദ്ധ്യമത്തിന്റെ സാദ്ധ്യത നന്നായി ഉപയോഗിച്ച ചലച്ചിത്രകാരനായിരുന്നു അരവിന്ദനെന്ന് ബേബി പറഞ്ഞു. ലെനിൻ രാജേന്ദ്രനെ നിരൂപകൻ വിജയകൃഷ്ണൻ അനുസ്മരിച്ചു. ജൂറി ചെയർമാൻ ശ്യാമപ്രസാദ്, ജൂറി അംഗം ബൈജു ചന്ദ്രൻ എന്നിവരും സംസാരിച്ചു. കാവാലം ശ്രീകുമാർ ഗാനാഞ്ജലി നടത്തി. സക്കറിയ മറുപടിപ്രസംഗം നടത്തി.
സുഡാനിക്ക് മികച്ച സിനിമയ്ക്കുള്ള അവാർഡ്നൽകണമായിരുന്നു:അടൂർ
2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയ്ക്ക് നൽകണമായിരുന്നെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരത്ത് ജി.അരവിന്ദൻ പുരസ്‌കാരം സംവിധായകൻ സക്കറിയയ്ക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലർ സിനിമയ്ക്കുള്ള അവാർഡാണ് സുഡാനിക്ക് കിട്ടിയത്. പോപ്പുലർ അവാർഡ് മോശം അവാർഡാണെന്നല്ല, മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിക്കാനുള്ള അർഹത സുഡാനിക്കുണ്ടെന്ന് സിനിമ കണ്ടപ്പോൾ തോന്നി. മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിച്ച സിനിമ താൻ കണ്ടിട്ടില്ലെന്നും ഏതു സിനിമയ്ക്ക് അവാർഡ് കൊടുക്കണമെന്നത് ജൂറിയുടെ താത്പര്യമാണെന്നും അടൂർ പറഞ്ഞു.