അമരാവതി: വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വൈ.എസ്.വിവേകാനന്ദ റെഡ്ഡിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കടപ്പയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കിടപ്പുമുറിയിലും മുറിയിലും കുളിമുറിയിലും രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് വിവേകാനന്ദ റെഡ്ഡിയുടെ പഴ്സണൽ അസിസ്റ്റന്റ് എം.വി കൃഷ്ണ റെഡ്ഡി പുലിവെൻഡുലയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകിയത്. 68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.
തലയുടെ മുൻഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ട്. മരണത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്നും റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പൊലീസിനോട് പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോട്ട് പുറത്തു വന്നതിനുശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.
1989ലും 1994ലുമാണ് പുലിവെൻഡുലയിൽ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
വൈ.എസ്.ആർ കോൺഗ്രസ് രൂപീകരണവേളയിൽ ജഗൻമോഹനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വിവേകാനന്ദ റെഡ്ഡി പാർട്ടിയിൽ ചേർന്നിരുന്നില്ല. എന്നാൽ പിന്നീട് പ്രശ്‌നങ്ങളൾ പരിഹരിച്ച് വൈ.എസ്.ആർ കോൺഗ്രസിൽ ചേരുകയായിരുന്നു. പാർട്ടി അംഗങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.